വൈക്കം: ക്വാറികളിൽ കരിങ്കല്ല്, മെറ്റൽ, എം സാന്റ് തുടങ്ങിയ ക്രഷർ ഉത്പന്നങ്ങളുടെ വില അമിതമായി വർധിപ്പിച്ചത് വൈക്കത്തെയും പരിസര പ്രദേശങ്ങളിലെയും വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
എം സാന്റിനും മെറ്റലിനും ഒരടിക്ക് ഏഴുരൂപ മുതൽ വർധിപ്പിച്ചത് ഗ്രാമീണ മേഖലയിൽ പ്രളയത്തിൽ ഒലിച്ചുപോയ റോഡ് അടക്കമുള്ളവയുടെ നിർമാണത്തിനും നിർധന കുടുംബങ്ങളുടെ സർക്കാർ ധനസഹായത്തോടെയുള്ള ഭവന നിർമാണത്തിനും കനത്ത പ്രഹരമായി.
നികുതിയും മറ്റും വർധിക്കുകയോ, ഇന്ധന ചെലവ് കൂടുകയോ ചെയ്യാത്ത സാഹചര്യത്തിൽ ക്രഷർ ഉത്പന്നങ്ങളുടെ വില വർധിപ്പിച്ചത് നീതീകരിക്കാനാവില്ലെന്ന് ജനങ്ങൾ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ മാസം ക്രഷർ ഉത്പന്നങ്ങൾക്ക് മൂന്നു രൂപ വർധിപ്പിച്ചതിനു പുറമെയാണിപ്പോൾ ഏഴു രൂപ കൂടി കൂട്ടിയത്.
കടുത്തുരുത്തി, പെരുവ കേന്ദ്രീകരിച്ചുള്ള ക്വാറികളിലാണ് തുക വർധിപ്പിച്ചത്. എറണാകുളം ജില്ലയിലെ ക്വാറികളിൽ വില വർധിപ്പിച്ചിട്ടില്ലെങ്കിലും ദൂരക്കൂടുതൽ മൂലം ഉപയോക്താക്കൾ കൂടിയ വിലയ്ക്ക് പെരുവയിലെ ക്വാറികളിൽനിന്ന് ക്രഷർ ഉത്പന്നങ്ങൾ വാങ്ങാൻ നിർബന്ധിതരാകുകയാണ്.
കിഴക്കൻ മേഖലയിൽ നിന്ന് കെട്ടിട നിർമാണത്തിനും കടൽഭിത്തി തീർക്കുന്നതിനും ആലപ്പുഴ ജില്ലയിലേക്കാണ് ക്രഷർ ഉത്പന്നങ്ങൾ കൂടുതലായി കൊണ്ടു പോകുന്നത്. വില കൂടുതലായത് ആലപ്പുഴക്കാരെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്.
ത്രിതല പഞ്ചായത്തുകളിൽ മാർച്ച് മാസത്തിനു മുന്പായി വികസന പ്രവർത്തനങ്ങൾ തീർക്കേണ്ടതുള്ളതിനാൽ അതിനു മുന്നോടിയായി ക്വാറികളിൽ വില വർധനവ് ഏതാനും വർഷങ്ങളായി നടത്തി വരികയാണെന്നും വില വർധനവ് നിർമാണമേഖല സ്തംഭിപ്പിക്കുകയാണെന്നും കോണ്ട്രാക്ടർമാർ പറയുന്നു.
ക്വാറികളിലെ വില വർധന നിർമാണ മേഖല സ്തംഭിപ്പിച്ചതിനെ തുടർന്ന് ലോറി തൊഴിലാളികളും വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരരംഗത്താണ്. ക്രഷർ ഉത്പന്നങ്ങളുടെ വില ഏകീകരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം.