തിരുവനന്തപുരം: വാർത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്കിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമ വിലക്ക് അപകടകരമായ പ്രവണതയുടെ വിളംബരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നത്. മാധ്യമ സ്വാതന്ത്ര്യം തടയുന്നത് ജനാധിപത്യ നിഷേധമാണ്. ഭയപ്പെടുത്തി ചൊൽപ്പടിക്ക് നിർത്തുക എന്ന തന്ത്രമാണ് ഇതിനു പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി വാർത്തകൾ റിപ്പോർട്ട് ചെയ്തുവെന്നാരോപിച്ചാണ് എഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയത്.
വെള്ളിയാഴ്ച രാത്രി 7.30 ഓടെ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് ശനിയാഴ്ച രാവിലെയാണ് പിൻവലിച്ചത്. രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖർ വിലക്കിനെതിരേ രംഗത്തുവന്നതിനു പിന്നാലെയാണ് നടപടി പിൻവലിച്ചത്.