
കൊണ്ടോട്ടി: കോവിഡ്-19 (കൊറോണ വൈറസ്) ഭീതിയെത്തുടർന്നു ജിദ്ദയിൽ നിന്നു കുവൈറ്റിലേക്കുളള വിമാനങ്ങൾ ഒരാഴ്ചത്തേക്കു റദ്ദാക്കി.
ഇന്നു പുലർച്ചെയാണ് ഇന്ത്യയുൾപ്പെടെ ഏഴു രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസ് റദ്ദാക്കികൊണ്ടു കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും അറിയിപ്പ് ലഭിക്കുന്നത്.
കേരളത്തിൽ കരിപ്പൂരിൽ നിന്നും കണ്ണൂരിൽ നിന്നും എയർഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങളും നെടുന്പാശേരിയിൽ നിന്നു ഇത്തിഹാദ് എയറിന്റെ വിമാനവും ഇന്നു രാവിലെ കുവൈറ്റിലേക്കു പുറപ്പെടാൻ ഒരുങ്ങുന്നതിനിടയിലാണ് കുവൈത്തിൽ നിന്നുള്ള നിർദേശമെത്തിയത്.
ഇതോടെ യാത്രക്കാർ മടങ്ങുകയായിരുന്നു. ഏതാണ്ടു അഞ്ഞൂറിലേറെ യാത്രക്കാരാണ് വിമാനങ്ങളിൽ പോകാനായി എത്തിയിരുന്നത്. അവധിക്കു നാട്ടിലെത്തിയവരാണ് ഇതുമൂലം കുടുങ്ങിയത്.
നാളെ മുതൽ കുവൈത്തിലേക്കു പ്രവേശിക്കണമെങ്കിൽ പ്രത്യേക മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു നിർദേശമുണ്ടായിരുന്നു. കുവൈത്ത് എംബസിയുടെ ആരോഗ്യവകുപ്പ് ആണ് ഇതുസംബന്ധിച്ചു നിർദേശം നൽകിയിരുന്നത്.
ഈ നിർദേശം പിന്നീട് ഒഴിവാക്കിയാണ് ഇന്നുമുതൽ ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പെൻസ്, ശ്രീലങ്ക, സിറിയ, ലബനൻ, ഈജിപ്ത് എന്നി രാജ്യങ്ങളിൽ നിന്നു വരുന്നതും പോകുന്നതുമായ മുഴുവൻ വിമാനങ്ങളും ഒരാഴ്ചക്കത്തേക്കു നിർത്തിവയ്ക്കുകയാണെന്ന നിർദേശം ലഭിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ യാത്ര ചെയ്ത ഒരാൾക്കു പോലും കുവൈത്ത് വിമാനത്താവളത്തിൽ പ്രവേശിക്കാൻ അനുമതിയില്ല. എന്നാൽ ഗൾഫ് പൗരൻമാർക്കു പ്രത്യേക പരിശോധനകൾക്കുശേഷം സ്വന്തം രാജ്യത്തേക്കു എത്താൻ അനുമതി നൽകിയിട്ടുണ്ട്.
കുവൈത്തിലേക്കു വിമാനടിക്കറ്റെടുത്തവർ വിമാനക്കന്പനികളുമായോ ട്രാവൽ ഏജന്റുമാരുമായോ ബന്ധപ്പെടണം. നേരിട്ടും മറ്റു വിമാനത്താവളങ്ങൾ വഴി കുവൈത്തിലേക്കു പോകാൻ ഒരുങ്ങുന്നവരും ഇതോടെ വെട്ടിലായി.
ഇറ്റലിയിൽ മരണം 197 ആയി
റോം: യൂറോപ്പിൽ കൊറോണ വൈറസ് (കോവിഡ്19) രോഗത്തിന്റെ കേന്ദ്രമായ ഇറ്റലിയിൽ മരണം 197 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 49 പേർ കൂടി മരിച്ചതോടെയാണിത്. ഇതുവരെ 4,600 പേരെ രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാജ്യത്തിന്റെ വടക്കൻ മേഖലയിലാണ് ഏറ്റവും കൂടുതൽ രോഗികൾ. ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ഇറ്റലിയിലാണ്. രോഗബാധ തടയുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിരുന്നു.
സ്കൂളുകൾ പത്തുദിവസത്തേക്ക് അടച്ചു. ഫുട്ബോൾ അടക്കമുള്ള കായികവിനോദങ്ങൾ കാണികളുടെ അഭാവത്തിൽ നടത്തണമെന്നാണ് നിർദേശം. കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആഗോളതലത്തിൽ ഒരു ലക്ഷത്തിലധികമായി ഉയർന്നിട്ടുണ്ട്.
ചൈനയിൽ രോഗബാധ നിയന്ത്രണവിയേയമാകുന്നതിന്റെ സൂചനകൾ ലഭിക്കുന്പോൾ യൂറോപ്പിൽ രോഗം പടരുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. ഇറ്റലിക്കു പുറമേ, ഫ്രാൻസിലും ജർമനിയിലും രോഗികളുടെ എണ്ണം കൂടിയിരിക്കുകയാണ്.
ചൈനയിൽ 3070 പേരാണ് രോഗം ബാധിച്ച് മരിച്ചത്. അമേരിക്കയില് 17 പേരും. നിലവിൽ 90 രാജ്യങ്ങളിൽ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.