ചാലക്കുടി: കലാഭവൻമണിക്ക് ഉചിതമായ സ്മാരകം നിർമിക്കുന്നതിനുള്ള സ്ഥലം സംസ്ഥാനസർക്കാർ കണ്ടെത്തുമെന്ന് സംസ്ഥാന കൃഷിവകുപ്പുമന്ത്രി വി.എസ്.സുനിൽകുമാർ പ്രസ്താവിച്ചു.
സംസ്ഥാന യുവജനക്ഷേമബോർഡിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച കലാഭവൻമണി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാടൻപാട്ട് ജനകീയമാക്കുന്നതിൽ കലാഭവൻമണിയുടെ പങ്ക് വലുതായിരുന്നു. നാടൻപാട്ടിനെ ജനകീയഉത്സവമാക്കി മാറ്റിയത് കലാഭവൻ മണിയാണ്. മണ്ണിന്റെ മണമുള്ള കലകളെ മണി സ്നേഹിക്കുകയും പാവപ്പെട്ടവരെ മരണംവരെ കൊണ്ടുനടക്കുകയും ചെയ്തു.
കാരുണ്യപ്രവർത്തനം മണി ജീവിതരീതിയാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ബി.ഡി.ദേവസി എംഎൽഎ അധ്യക്ഷത വഹിച്ചു. കലാഭവൻ മണി സ്മാരക പുരസ്കാരങ്ങൾ കെ.എസ്.എൻ.രാജിനും യുവ പ്രതിഭയ്ക്കുള്ള പുരസ്കാരം ശ്രീജിത്ത് പേരാന്പ്രക്കും മന്ത്രി സമ്മാനിച്ചു.
യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു, ഡോ. ആർഎൽവി രാമകൃഷ്ണൻ, നഗരസഭ വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഷീജു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. കെ.ആർ.സുമേഷ്, സി.ജി.സിനിടീച്ചർ, കലാഭവൻമണി ട്രസ്റ്റ് കണ്‍വീനർ അഡ്വ. കെ.ബി.സുനിൽകുമാർ, പ്രതിപക്ഷനേതാവ് വി.ഒ.പൈലപ്പൻ, സിനിമാതാരം ടിനി ടോം, ഋഷാദ്, ഫുട്ബോൾ താരങ്ങളായ ജോപോൾ അഞ്ചേരി, സി.വി.പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.
നഗരസഭ ചെയർപേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാർ സ്വാഗതവും യുവജന ക്ഷേമബോർഡ് യൂത്ത് പ്രോഗ്രാം ഓഫീസർ പി.ആർ.ശ്രീകല നന്ദിയും പറഞ്ഞു.
സംസ്ഥാന നാടൻപാട്ട് മത്സരവും ജില്ലാ മിമിക്സ് മത്സരവും നടന്നു. ഇന്ന് വൈകീട്ട് നാലു മുതൽ സംസ്ഥാനതല നാടൻപാട്ട് മത്സരവും ഉണ്ടായിരിക്കും.