പഴയങ്ങാടി: കണ്ണപുരം, താവം ഭാഗങ്ങളിലെ ഓയിൽ മില്ലുകളിലും കച്ചവട സ്ഥാപനങ്ങളിലും കവർച്ച നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് നെടുമല സന്തോഷ് എന്ന തുരപ്പൻ സന്തോഷ് (36) അറസ്റ്റിൽ.
താവം പ്രഭാത് ഓയിൽ മിൽ, കണ്ണപുരം യോഗശാലയിലെ രാജീവ് ഓയിൽ മിൽ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപയുടെ കൊപ്ര മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്.
കണ്ണപുരം സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിൽ അഞ്ചംഗ സ്ക്വാഡ് രൂപീകരിച്ചായിരുന്നു അന്വേഷണം, വീടുകളിലും കടകളിലും സ്ഥാപിച്ച മുപ്പതോളം സിസിടിവി കാമറകൾ പരിശോധിച്ചാണ് പ്രതിയുടെ ഒളിസങ്കേതം കണ്ടെത്തി വലയിലാക്കിയത്.
കണ്ണൂർ ടൗണിൽ പോലീസിനെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ക്വട്ടേഷൻ അംഗമായ ഷമീം എന്ന ചാണ്ടി ഷമിം ജയിലിൽ വച്ച് പരിചയപ്പെട്ട സന്തോഷിനെ പുതിയതെരു ആശാരികമ്പനിക്ക് സമീപമുള്ള വീടിനടുത്തെ ഒരു സ്ഥാപനത്തിൽ താമസിപ്പിക്കുകയായിരുന്നു. സ്ഥാപനത്തിൽ വച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കമ്പിൽ, മയ്യിൽ ഭാഗങ്ങളിൽ വില്പന നടത്തിയ കൊപ്ര പോലീസ് കണ്ടെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജില്ലയിൽ അമ്പതോളം മോഷണക്കേസിൽ പ്രതിയാണ് തുരപ്പൻ സന്തോഷ് എന്ന് പോലിസ് പറഞ്ഞു.
കൂട്ടു പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. എസ്ഐ മധുസൂദനൻ, എഎസ്ഐമാരായ മനേഷ് നെടുംപറമ്പിൽ, എം.പി.നികേഷ്, ചന്ദ്രശേഖരൻ പ്രമോദ്, എസ്സിപിഒമാരായ അരുൺ, സുരേഷ്, മഹേഷ്, സിപിഒ അനിൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. അന്വേഷണസംഘത്തെ ജില്ലാ പോലീസ് മേധാവി അഭിനന്ദിച്ചു.