പാലക്കാട്: കൊറോണ വൈറസ് സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും പാലക്കാട് ജില്ലയിൽ സജീവമായി തുടരുന്നു. നിലവിൽ 16 പേർ വീടുകളിലും മൂന്നുപേർ ജില്ലാ ആശുപത്രിയിലും നിരീക്ഷണത്തിലാണെന്നു ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
എൻഐവിയിലേക്കു പരിശോധനയ്ക്കായി അയച്ച 21 സാന്പിളുകളിൽ ഫലം വന്ന 17 എണ്ണവും നെഗറ്റീവാണ്. ആകെ 205 ആളുകൾ ഇതുവരെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നതിൽ 186 പേരുടെ നിരീക്ഷണ കാലയളവ് പൂർത്തിയായി.
ഇതുവരെ 143 കോളുകളാണ് കണ്ട്രോൾ റൂമിലേക്കു വന്നിട്ടുള്ളത്.ചൈന, ഹോങ്കോംഗ്, തായ്ലൻഡ്, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാൾ, ഇന്തോനേഷ്യ, മലേഷ്യ, ഇറാൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽനിന്നും വന്നവർ ജില്ലാ മെഡിക്കൽ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.
ജില്ലാ മെഡിക്കൽ ഓഫീസിൽ കൊറോണ കണ്ട്രോൾ റൂം പ്രവർത്തിച്ചുവരുന്നുണ്ട്. എല്ലാ പ്രാഥമിക/ സാമൂഹികാരോഗ്യ കേന്ദ്രങ്ങളെയും താലൂക്കാസ്ഥാന ആശുപത്രികളേയും ചൈനയിൽ നിന്നും കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നും വരുന്ന ആളുകൾക്കു ബന്ധപ്പെടാവുന്നതാണ്. കോൾ സെന്റർ നന്പർ: 0491 2505264, 2505189, 2505303.