കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ ജയില്വിഭവങ്ങള് ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വീണ്ടും അള്ളുമായി കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ഡവലപ്പ്മെന്റ് ഫിനാന്‍സ് കോര്പറേഷന് (കെടിഡിഎഫ്സി).
കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിന് തൊട്ടുമുമ്പാണ് കെടിഡിഎഫ്സി വിലക്കുമായെത്തിയത്. ഇതോടെ ഭക്ഷണ വിതരണം മാറ്റി.
നിലവില്‍ കെടിഡിഎഫ്സി എംഡിയെ കാര്യങ്ങള്‍ ധരിപ്പിക്കുമെന്ന് ജയില്‍വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്നലെ ഭക്ഷണ വിതരണത്തിനായുള്ള കൗണ്ടര്‍ വരെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ സ്ഥാപിച്ചിരുന്നു.
എന്നാല്‍ അവസാന നിമിഷം ജയില്‍വകുപ്പിന് നേരിട്ട് കെടിഡിഎഫ്സി കത്തയയ്ക്കുകയായിരുന്നു.
ബസ് ടെര്‍മിനലിന്റെ പരിപാലന ചുമതല കെടിഡിഎഫ്സിക്കാണ്. ഈ അധികാരമുപയോഗിച്ചാണ് ജയില്‍വകുപ്പിന് കെഎസ്ആര്‍ടിസി നല്കിയ അനുമതി പിന്‍വലിക്കാന്‍ കെടിഡിഎഫ്സി നിര്‍ദേശം നല്‍കിയത്. സംഭവത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായാണ് സൂചന.
കുറഞ്ഞ ചെലവില്‍ യാത്രക്കാര്‍ക്ക് ഭക്ഷണം നല്കുന്ന പദ്ധതി നടപ്പായാല്‍ അത് സമീപത്തുള്ള ഹോട്ടലുകളെ പ്രതികൂലമായ ബാധിക്കുമെന്നും അത്തരത്തിലുള്ള ഏതാനും ചിലരാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിലുള്ളതെന്നുമാണ് ജയിൽ വകുപ്പും യാത്രക്കാരും പറയുന്നത്.
യാത്രക്കാര്‍ക്കായി നടപ്പാക്കുന്ന പദ്ധതി അട്ടിമറിയ്ക്കുന്നതിനായി ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും ആരോപണം ശക്തമാണ്.
14 നിലയുള്ള കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ നിലവില്‍ ഒരു ഷോപ്പ് പോലും പ്രവര്‍ത്തിക്കുന്നില്ല.
ഏതാനും ചില സ്വകാര്യ വ്യക്തികളാണ് യാത്രക്കാര്‍ക്ക് കുപ്പിവെള്ളവും മറ്റും വിതരണം ചെയ്യുന്നത്. അനധികൃതമായാണ് ഇത്തരം വിലപന നടത്തുന്നത്.
കോഴിക്കോടെത്തുന്ന ഹ്രസ്വ-ദീര്‍ഘ ദൂര ബസുകളിലെ യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കണമെങ്കില്‍ ബസ്റ്റാന്‍ഡിന് പുറത്തിറങ്ങി മാവൂര്‍ റോഡിലുള്ള ഹോട്ടലിനെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.ഭക്ഷണ പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ വിവിധ യുവജന സംഘനകൾ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്.