നൃത്ത പരിപാടിക്കിടെ സ്റ്റേജില്‍ വച്ച് മൈക്ക് വലിച്ചെറിഞ്ഞ് ഊര്‍മിള ഉണ്ണി. കൊല്ലം തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തില്‍ വച്ചാണ് സംഭവം. ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് മകള്‍ ഉത്തര ഉണ്ണിയുടെ നൃത്തപരിപാടി തീരുമാനിച്ചിരുന്നു.
പരിപാടിക്കു മുന്‍പ് സ്റ്റേജില്‍ നിന്ന് ഊര്‍മിള സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ മൈക്ക് ഓഫായി പോയി. ഇതോടെ കോപാകുലയായ ഊര്‍മിള മൈക്ക് വലിച്ചെറിയുകയായിരുന്നു. പിന്നീട് മൈക്ക് ഇല്ലാതെ സദസിനെനോക്കി സംസാരിക്കുകയും ചെയ്തു.
എന്നാല്‍ ഊര്‍മിളയുടെ പ്രവൃത്തിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫയര്‍ അസോസിയേഷന് ഓഫ് കേരള സംസ്ഥാന സെക്രട്ടറി രാഗം രാധാകൃഷ്ണന് ഊര്മിളയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
സംഭവത്തില്‍ ഊര്‍മിള മാപ്പ് പറഞ്ഞില്ലെങ്കില്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ പരിപാടി അവതരിപ്പിക്കാന്‍ ഇവര്‍ എത്തിയാല്‍ ലൈറ്റ് ഓഫ് ചെയ്യുമെന്നും പരിപാടി നടത്താന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് തവണ സംസാരിച്ചപ്പോഴും മൈക്ക് വര്‍ക്ക് ചെയ്തില്ലെന്നും പിന്നീട് മൈക്ക് ഓഫ് ആയിപ്പോയിയെന്നും അതുകൊണ്ടാണ് മൈക്ക് താഴേക്ക് ഇട്ടതെന്നുമാണ് സംഭവത്തില്‍ ഊര്‍മിള നല്കുന്ന വിശദീകരണം.