ഗർഭസ്ഥശിശുവിനെ അമ്മയുടെ ശരീരവുമായി ബന്ധിപ്പിക്കുന്ന പൊക്കിൾക്കൊടിയെക്കുറിച്ച് ഏവർക്കുമറിയാം. അമ്മയുടെ ഉദരത്തിൽ നിന്ന് വേർപെട്ട് സ്വതന്ത്രനാകുന്നത് പൊക്കിൾക്കൊടിയുമായുള്ള ബന്ധം മുറിയുന്നതോടെയാണ്.
ഈ പൊക്കിൾക്കൊടിയുടെ ശക്തിയെക്കുറിച്ചുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്.
ജീവിതത്തിന്റെ നല്ല പങ്കും മരത്തിനു മുകളിൽ കഴിയുന്ന ജീവിയായ സ്ലോത്തിന്റെ പ്രസവമാണ് വീഡിയോയിൽ. എന്നാൽ ഒരു സാധാരണ പ്രസവമല്ല ഇത്.
കൂറ്റൻ മരത്തിന്റെ മുകളിൽ ഇരുന്നാണ് സ്ലോത്തിന്റെ പ്രസവം. മരത്തിനു മുകളിൽ തൂങ്ങിയാടിക്കൊണ്ടാണ് അമ്മ സ്ലോത്ത് കുഞ്ഞിന് ജന്മം നൽകുന്നത്.
പുറത്തേക്ക് വരുന്ന കുഞ്ഞ് ഏറെ നേരം പൊക്കിൾക്കൊടിയിൽ തൂങ്ങിയാടുന്നതും കാണാം. സ്ലോത്തുകൾ മരത്തിന് മുകളിലിരുന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതിനാൽ ഇത്തരമൊരു ദൃശ്യം അപൂർവമാണ്.
തെക്കേ അമേരിക്കയിലെയും മധ്യ അമേരിക്കയിലെയും ഉഷ്ണമേഖലാ മഴക്കാടുകളിലാണ് സ്ലോത്തുകൾ ഏറെയും കാണപ്പെടുന്നത്. ഗർഭം ധരിച്ച് 11 മാസത്തിനു ശേഷമാണ് സ്ലോത്തുകൾ പ്രസവിക്കുന്നത്.
മൂന്നു മുതൽ നാലു വർഷം വരെ ഈ കുഞ്ഞുങ്ങൾ അമ്മയുടെ ശരീരത്തിൽ അള്ളിപ്പിടിച്ചിരിക്കും.