തൊടുപുഴ: നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപന തൊടുപുഴ മേഖലയിൽ വ്യാപകം. നേരത്തെ പെട്ടിക്കടകൾ കേന്ദ്രീകരിച്ചും മറ്റുമാണ് നടന്നിരുന്നതെങ്കിൽ പലചരക്ക്, സ്റ്റേഷനറി കടകളിലാണ് ഇപ്പോൾ നിരോധിക്കപ്പെട്ട പാൻ ഉത്പന്നങ്ങളുടെ വിൽപന തകൃതിയായി നടക്കുന്നത്.
ഇതിനെതിരെ ശക്തമായ പരിശോധനകളുമായി പോലീസും എക്സൈസും രംഗത്തു വരുന്നുണ്ടെങ്കിലും നിയമത്തിന്റെ പഴുതിലൂടെ ഇവർ പുറത്തെത്തി വീണ്ടും ഇവയുടെ വിൽപനയിലേർപ്പെടുകയാണ്.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ തന്നെ വിവിധ സ്ഥലങ്ങളിൽ നിന്നും പാൻമസാല ഉത്പന്നങ്ങൾ പോലീസും എക്സൈസും പിടി കൂടിയിരുന്നു. എന്നാൽ ചെറിയ പിഴയടച്ച് സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങാമെന്ന പഴുതിൽ വിൽപനക്കാർ രക്ഷപെടുകയാണ്.
കഴിഞ്ഞ ദിവസം കാഞ്ഞിരമറ്റത്തെ പലചരക്ക്-സ്റ്റേഷനറി കടയിൽ നിന്നും, വെങ്ങല്ലൂർ ഭാഗത്തെ രണ്ടിടങ്ങളിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടിയിരുന്നു.
കൂടാതെ മുതലക്കോടം, പട്ടയംകവല എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പാൻമസാല വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ പോലീസ് പരിശോധന നടത്തി ഇവ പിടിച്ചെടുത്തിരുന്നു.
വൻതോതിൽ ഇവ സൂക്ഷിച്ചാണ് ഇവർ വിൽപന നടത്തി വന്നിരുന്നത്. മുതലക്കോടത്തിനു സമീപത്തു നിന്ന് അഞ്ചു ലക്ഷം രൂപയുടെ നിരോധിത ഉത്പന്നങ്ങളാണ് കഴിഞ്ഞ വർഷം പോലീസ് പിടികൂടിയത്.
സംസ്ഥാനത്ത് നിരോധിച്ച പാൻ ഉത്പന്നങ്ങളായ ഹാൻസ്, പാൻ പരാഗ് തുടങ്ങിയവയ്ക്കാണ് ആവശ്യക്കാർ ഏറെയും. അന്യ സംസ്ഥാന തൊഴിലാളികൾ പാൻ ഉത്പന്നങ്ങളുടെ പ്രധാന ഉപഭോക്താക്കളായതിനാൽ ഇവരെയും സ്കൂൾ, കോളജ് വിദ്യാർഥികളെയും ലക്ഷ്യം വച്ചാണ് വിൽപന പൊടിപൊടിക്കുന്നത്.
കൂടാതെ വിദ്യാർഥികൾക്ക് പുകയില ഉത്പന്നങ്ങൾ എത്തിച്ചു നൽകുന്നതിനായി ബൈക്കിൽ കറങ്ങുന്ന സംഘങ്ങളുമുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പുകയില ഉത്പന്നങ്ങൾ വിൽപന നടത്തുന്നതല്ല എന്ന് രേഖപ്പെടുത്തിയ ബോർഡ് കടകൾക്കു മുന്നിൽ സ്ഥാപിക്കണമെന്നാണ് നിബന്ധനയെങ്കിലും ഇതും പല കച്ചവടക്കാരും പാലിക്കുന്നില്ല.
അഞ്ചു രൂപ വിലയുള്ള ഒരു പായ്ക്കറ്റ് 50 രൂപയ്ക്കാണ് കടകളിൽ വിൽപന നടത്തുന്നത്. കൂടാതെ സ്കൂൾ സമയങ്ങളിൽ ബൈക്കുകളിലും വിൽപനക്കാർ എത്തുന്നു. മൊബൈൽ ഫോണിൽ ബന്ധപ്പെട്ടാൽ രഹസ്യകേന്ദ്രങ്ങളിൽ നിന്നും ലഹരിയെത്തും.
പാൻ ഉത്പന്നങ്ങൾ പിടികൂടിയാൽ പ്രതികൾ ചെറിയ പിഴ അടച്ചു സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങി വീണ്ടും പാൻ വിൽപന തുടരുന്നതാണ് പതിവായി കാണുന്നത്.
നിരോധിത പുകയില ഉത്പന്നങ്ങൾ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന വൻ റാക്കറ്റ് തൊടുപുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിരുന്നു.
കർണാടക, ബീഹാർ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന ചരക്കു ലോറികളിലാണ് ഉത്പന്നങ്ങൾ തൊടുപുഴയുൾപ്പെടെയുള്ള മേഖലകളിലെത്തിക്കുന്നത്.
തമിഴ്നാട്ടിൽ നിന്നും തൊടുപഴയിലെത്തുന്ന പച്ചക്കറി ലോറികളിലാണ് പുകയില ഉത്പന്നങ്ങൾ എത്തിച്ചു നൽകുന്നതെന്ന് കാഞ്ഞിരമറ്റത്തു പിടിയിലായ കച്ചവടക്കാരൻ എക്സൈസിനു മൊഴി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പോലീസും എക്സൈസും ഇത്തരം വാഹനങ്ങളിൽ പരിശോധന കർശനമാക്കാനുള്ള നീക്കത്തിലാണ്.