സെബി മാളിയേക്കൽ
തൃശൂർ: “സ്ത്രീ’യെന്നത് ഒരു പരിമിതിയല്ല ബഹുമതിയാണെന്ന് പ്രഖ്യാപിക്കുകയാണ് ഡെലീഷ ഡേവിസ് എന്ന പെണ്കുട്ടി.
ബസും ലോറിയുമെല്ലാം ഓടിക്കുന്ന ഹെവി വെഹിക്കിൾ ലൈസൻസുള്ള നാമമാത്ര വനിതകൾ മാത്രമുള്ള നമ്മുടെ നാട്ടിൽ കത്തിപ്പിടിക്കുന്ന ദ്രാവകങ്ങൾ കൊണ്ടുപോകുന്ന ടാങ്കർ ലോറി ഓടിക്കാനുള്ള ഹസാർഡസ് ലൈസൻസ് നേടിയിരിക്കുകയാണ് തൃശൂർ വടക്കേ കാരമുക്ക് പള്ളികുന്നത്ത് ഡേവിസിന്റെ മകൾ.
എൻഎച്ച് 66 ൽ (പഴയ എൻഎച്ച് 17) ടാങ്കറുമായി പായുന്ന ഒരു യുവതിയെ കണ്ടാൽ ആരും ഞെട്ടണ്ട, അത് ഡെലീഷയാണ്. ഇരുന്പനത്തുനിന്നു പെട്രോളുമായി മലപ്പുറം തിരൂരുള്ള പെട്രോൾ പന്പിലേക്ക് പോകുന്നതാണ്. പലതവണ ഈ കാഴ്ചകണ്ട് പലരും മൂക്കത്തു വിരൽവച്ചിട്ടുണ്ട്.
കഴിഞ്ഞ 40 വർഷത്തിലേറെയായി ടാങ്കർ ലോറി ഓടിക്കുന്ന ഡ്രൈവറാണ് ഡേവിസ്. തന്റെ മൂന്നു പെണ്മക്കളിൽ രണ്ടാമത്തവളായ ഡെലീഷയ്ക്കു മാത്രമാണ് ഇത്തരമൊരു കന്പമെന്ന് അദ്ദേഹം പറയുന്നു.
“കുഞ്ഞുനാൾ മുതൽക്കേ ഒഴിവുദിനങ്ങളിൽ പപ്പയുടെ കൂടെ ടാങ്കറിൽ പോകാറുണ്ട്. മൂന്നു – നാലു ക്ലാസ് മുതൽ. അന്നൊക്കെ പപ്പ വണ്ടി ഓടിക്കുന്നതു കാണുന്പോൾ വലിയ അദ്ഭുതമായിരുന്നു. പിന്നെ പിന്നെ അത് സ്വന്തമാക്കണമെന്ന സ്വപ്നമായി.
എട്ടാം ക്ലാസിൽ പഠിക്കുന്പോൾ വീട്ടിലെ അംബാസിഡർ കാർ ഓടിച്ചുതുടങ്ങി. എട്ടാം ക്ലാസിലെ വലിയ വെക്കേഷനിൽ സ്റ്റിയറിംഗ് ബാലൻസ് കറക്ടാക്കി തന്നു. പത്താം ക്ലാസാകുന്പോഴേക്കും നന്നായി ഓടിക്കാൻ തുടങ്ങി. പക്ഷേ, ലൈസൻസില്ലല്ലോ. അതോണ്ട് 18 വയസുവരെ കാത്തിരുന്നു’- ഡെലീഷ പറഞ്ഞു.
18-ാം വയസിൽതന്നെ ഇരുചക്ര-നാലുചക്ര വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് എടുത്ത ഡെലീഷ 20-ാം വയസിൽ തന്നെ ലോറി, ബസ് എന്നിവ ഓടിക്കാനുള്ള ചരക്കു- പാസഞ്ചർ വാഹന ഹെവിലൈസൻസ് സ്വന്തമാക്കി.
തുടർന്ന് മൂന്നുമാസത്തിനകം ഹസാർഡസ് ലൈസൻസും. ഇതോടെ ഈ ലൈസൻസ് കരസ്ഥമാക്കിയ കേരളത്തിലെ ആദ്യ വനിതയായി. ഇനി ഇതു മൂന്നുവർഷം കൂടുന്പോൾ പുതുക്കണം.
280 കിലോമീറ്റർ (ഇരുവശത്തേക്കുമായി) ദൂരമുള്ള ഇരുന്പനം-തിരൂർ ട്രിപ്പുകൾ ഇതിനകം 50ലധികം തവണ എടുത്തുകഴിഞ്ഞു ഈ പെണ്കുട്ടി. ഡ്രൈവിംഗ് അഭിനിവേശമായുള്ള ഈ യുവതി തൃശൂർ പിജി സെന്ററിൽ അവസാനവർഷ എം.കോം വിദ്യാർഥി കൂടിയാണ്.
മൾട്ടി ആക്സിൽ വാഹനങ്ങൾ ഓടിക്കണമെന്നതാണ് അടുത്ത ലക്ഷ്യം. സർക്കാർ സർവീസിൽ ഒരു ഡ്രൈവറാകുകയെന്നതു സ്വപ്നവും.
സ്ത്രീകൾക്ക് തുല്യപ്രാധാന്യം എന്നൊക്കെ പറയുന്പോഴും കെഎസ്ആർടിസിയിൽ പോലും വനിതകൾക്ക് ഡ്രൈവർ പോസ്റ്റിൽ അപേക്ഷിക്കാൻ കഴിയാത്തത് വലിയ അനീതിയാണെന്നാണ് ഈ ചെറുപ്പക്കാരിയുടെ പക്ഷം.
മെട്രോ ട്രെയിനും വിമാനവും ഓടിക്കാമെങ്കിൽ എന്തുകൊണ്ടാണ് ഇത് അനുവദിക്കാത്തതെന്ന് ഡെലീഷ ചോദിക്കുന്നു.
ഹസാർഡസ് ലൈസൻസ് ലഭിച്ചപ്പോൾ അന്നത്തെ എംപിയായിരുന്ന സി.എൻ. ജയദേവനും പിന്നീട് ടി.എൻ. പ്രതാപൻ എംപിയും ഡെലീഷയെ അനുമോദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
പ്ലസ്ടു പഠിച്ച കണ്ടശാംകടവ് പ്രഫ. ജോസഫ് മുണ്ടശേരി സ്മാരക ഹയർ സെക്കൻഡറി സ്കൂളും ആദരിച്ചു. പക്ഷേ, ത്രിതല പഞ്ചായത്തുകളോ സാമൂഹ്യക്ഷേമ വകുപ്പോ സ്ത്രീശാക്തീകരണ സംരംഭങ്ങളോ ഇപ്പോഴും ഇക്കാര്യം അറിഞ്ഞമട്ടില്ല.
അമ്മ: ട്രീസ. മൂത്തസഹോദരി ശ്രുതി തൃശൂർ ഒളരി മദർ ഹോസ്പിറ്റലിൽ നഴ്സാണ്. അനുജത്തി സൗമ്യ തൃശൂർ ജൂബിലി മിഷനിൽ മെഡിക്കൽ ലാബ് ടെക്നീഷ്യൻ വിദ്യാർഥിയാണ്.