ഗാന്ധിനഗർ: കോവിഡ് -19 ബാധിച്ചവരും നീരിക്ഷണത്തിലുള്ളവരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയാൽ ആശങ്കക്ക് ഇടനൽകാതെ പൂർണ സജ്ജമായിട്ടുണ്ടെന്നു ആശുപത്രി അധികൃതർ.
റാന്നി സ്വദേശികൾ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടാൻ താല്പര്യപ്പെടുന്നില്ലെങ്കിലും ഇവർ എത്തിയാൽ ഇവർക്കായി ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ നിർദ്ദേശപ്രകാരം രണ്ട് ഐസലേഷൻ വാർഡും സജ്ജീകരിച്ചിട്ടുണ്ട്.
ആശുപത്രിയിലെ പേ വാർഡ് ബ്ലോക്കിലെ താഴത്തെ നിലയിലാണു കൊറോണ ഐസോലേഷൻ വിഭാഗം പ്രവർത്തിക്കുന്നത്. ഈവിഭാഗത്തിൽ വെന്റിലേറ്റർ അടക്കമുള്ള പൂർണ സംവിധാനങ്ങൾ സജ്ജമാണ്.
ഓരോ മുറികളിലും രോഗികൾ അല്ലങ്കിൽ നിരീക്ഷണത്തിലുള്ളവർക്കു പ്രത്യേകമായാണു ചികിത്സ സജ്ജമാക്കിയിരിക്കുന്നത്. അത്യാഹിത വിഭാഗം അടക്കമുള്ള സ്ഥലങ്ങളുമായി അകന്നു നിൽക്കുന്നതിനാലാണ് ഈ സ്ഥലം തെരഞ്ഞടുത്തത്.
ഇപ്പോൾ പേ വാർഡിന്റെ രണ്ടാം ബ്ലോക്ക് പ്രവർത്തിക്കുന്നുണ്ടെങ്കിലും രോഗികൾ വർധിച്ചാൽ ഒന്നാം ബ്ലോക്കും ലഭ്യമാക്കും. വിവിധ വിഭാഗങ്ങളിലെ ഡോക്്ടർമാരുടെ സ്ഥിരം സംഘം പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.
നാലരവയസുള്ള കുട്ടി കൂടിയെത്തിയതിനാൽ പീഢിയാട്രിക് വിദഗ്ദരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ദിവസവും സമയബന്ധിതമായി രോഗികളുടെ ആരോഗ്യനിലയും പുരോഗതിയും വിലയിരുത്താൻ യോഗങ്ങൾ ചേരുന്നുണ്ടെന്നു സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ അറിയിച്ചു.
രോഗികൾക്കായുള്ള വസ്ത്രങ്ങൾ, ഉപയോഗശേഷം നശിപ്പിച്ച് കളയാവുന്ന കിടക്ക വിരികൾ, മാസ്ക്കുകൾ ജിവനക്കാർക്കും ഡോക്്ടർമാർക്കുമുള്ള വസ്ത്രങ്ങളും സജ്ജമാണ്.