ചെങ്ങന്നൂർ: ചെങ്ങന്നൂർബാറിലെ അഭിഭാഷകൻ അങ്ങാടിക്കൽ പുത്തൻകാവ് ശാലേംനഗർ കുറ്റിക്കാട്ട് തൈക്കൂട്ടത്തിൽ ഏബ്രഹാം വർഗീസി(65) നെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ അങ്ങാടിക്കൽ പുത്തൻകാവ് പൗവത്തിൽ എ. അരവിന്ദി (36)നെ ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്. ഹെൽമറ്റ് കൊണ്ട് ശക്തിയുള്ള അടിയേറ്റപ്പോൾ ഉണ്ടായ ആഴമേറിയ മുറിവിലൂടെയാണ് രക്തം തലച്ചോറിലേക്ക് ഇറങ്ങിയത്. അടിയേറ്റ് താഴെ വീണു കിടന്ന അഭിഭാഷകനെ ആശുപത്രിയിൽ എത്തിച്ചത് സ്കൂട്ടറിൽ കമഴ്ത്തിക്കിടത്തിയാണ്.
അങ്ങനെയാണ് രക്തം തലച്ചോറിലേക്ക് ഇറങ്ങാനിടയായത്. സംഭവം നടന്നതിനു സമീപമുള്ള സിസി ടിവി ദൃശ്യങ്ങൾ വ്യക്തമല്ല. പോലീസ് സൈബർ സെല്ലിന്റെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. അതിനു ശേഷമേ ഒന്നിലധികം കുറ്റവാളികൾ ഉണ്ടോ എന്ന് അറിയാൻ കഴിയൂ എന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 11.45 ന് തന്റെ സ്കൂട്ടറിൽ വീട്ടിലെ അടുക്കള മാലിന്യങ്ങൾ ഒരു കവറിലാക്കി വീടിന് സമീപത്തുള്ള ശാസ്താംകുളങ്ങര റോഡിൽ നിക്ഷേപിച്ച ശേഷം തിരികെ മടങ്ങി വരുന്പോഴാണ് സമീപവാസിയായ ചെങ്ങന്നൂർ അങ്ങാടിക്കൽ പുത്തൻകാവ് പൗവത്തിൽ അരവിന്ദി(36) നെ കാണാൻ ഇടയായത്. ഈ സമയം അരവിന്ദിന്റെ രണ്ട് സൃഹൃത്തുക്കൾ ബൈക്കിൽ അവിടെ എത്തി.
അരവിന്ദ് അവരെയും കുട്ടി അഭിഭാഷകനെ പിൻതുടർന്നു. എംകെ റോഡുവഴി കടന്ന് ഏബ്രഹാമിന്റെ വീടിനു സമീപം 200 മീറ്റർ അകലെ വച്ച് സ്കൂട്ടറിന് കുറുകെ ഇവരുടെ ബൈക്ക് വച്ച് തടഞ്ഞു നിറുത്തി. തുടർന്ന് മാലിന്യം നിക്ഷേപിച്ചതിനെച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. അഭിഭാഷകന്റെ ഹെൽമറ്റ് അരവിന്ദ് ഉൗരിമാറ്റിയ ശേഷം അയാളുടെ കവിളത്ത് അടിച്ചു.
അയാളുടെ തന്നെ ഹെൽമറ്റ് ഉൗരി രണ്ട് തവണ തലയുടെ പിന്നിൽ ശക്തമായി പ്രഹരമേൽപിച്ചു. അടിയേറ്റ് ബോധമില്ലാതെ കിടന്ന അഭിഭാഷകനെ അവിടെ ഉപേക്ഷിച്ച് കടന്നു കളയാൻ അവർ ശ്രമം നടത്തി. എന്നാൽ ഇതിനെ സുഹൃത്തുക്കൾ എതിർത്തു. അവരുടെ ഉപദേശമനുസരിച്ച് ഇയാളെ അഭിഭാഷകന്റെ സ്കൂട്ടറിൽ അരവിന്ദും സുഹൃത്തുക്കളും ചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
തുടർന്നു നടന്ന വിശദമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. ഡിവൈഎസ്പി അനീഷ്.വി.കോര, സിഐ എം. സുധിലാൽ എന്നിവരുടെ നേതൃത്യത്തിൽ കേസ് അന്വേഷണം പുരോഗമിക്കുന്നു.