ആലപ്പുഴ: നഗരത്തിലെ റോഡ് നിർമാണത്തിന് പൊതുമരാമത്ത് വകുപ്പ് വഴി ചെലവഴിക്കുന്നത് 117.5 കോടിയെന്ന് മന്ത്രി ജി. സുധാകരൻ. അന്പലപ്പുഴ നിയോജക മണ്ഡലത്തിൽ ആലപ്പുഴ നഗരസഭയിലെ പ്രധാന റോഡുകളായ ഗുരുമന്ദിരം, വാടയ്ക്കൽ കുതിരപ്പന്തി റോഡുകളുടെയും അനുബന്ധ റോഡുകളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സെൻട്രൽ റോഡ് ഫണ്ടിൽ ഉൾപെടുത്തി 15 കോടി മുടക്കിയാണ് അഞ്ചു വാർഡുകളിലൂടെ കടന്നുപോകുന്ന അനുബന്ധ റോഡുകൾ നിർമിച്ചത്. സെൻട്രൽ റോഡ് ഫണ്ടിൽ നിന്ന് 1444 കോടി രൂപ ലഭിച്ചു. 1450 കിലോമീറ്റർ റോഡ് നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്.
നികുതിയിൽനിന്ന് കേരളത്തിന് ലഭിക്കേണ്ട വിഹിതമാണ് ഇത്തരത്തിൽ ലഭിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നഗരത്തിലെ 21 പൊതുമരാമത്ത് റോഡുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള 250 കോടി രൂപയുടെ പദ്ധതിക്ക് കരാർ ആയെങ്കിലും കരാറുകാരൻ അനാവശ്യമായി വൈകിച്ചതിനാൽ മുന്നോട്ടു പോകാത്ത സാഹചര്യമുണ്ടായി.
ഈ കരാറുകാരനെ ഒഴിവാക്കി കരിന്പട്ടികയിൽപ്പെടുത്തിയതായി മന്ത്രി പറഞ്ഞു.