മുക്കം: ജില്ലയിലെ രണ്ടിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പനിയുടെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തില്‍ ശ്രമം തുടങ്ങി.
ദേശാടനപക്ഷികള്‍ വഴിയാണ് പക്ഷിപ്പനി പടര്‍ന്നതെന്നാണ് നിഗമനം. ദേശാടനപക്ഷികളുടെ സഞ്ചാര കാലമാണിപ്പോള്‍. പക്ഷിപ്പനി കണ്ടെത്തിയ വെസ്റ്റ് കൊടിയത്തൂരിന് സമീപത്ത് കൂടിയാണ് ചാലിയാര്‍ ഒഴുകുന്നത്. വേങ്ങേരിയുടെ സമീപത്ത് കടലുണ്ടിപ്പുഴയും ഒഴുകുന്നുണ്ട്.
ഇതാണ് ദേശാടന പക്ഷികളിലൂടെയാണ് പക്ഷിപ്പനി പടര്‍ന്നതെന്ന നിഗമനത്തിലെത്താന്‍ കാരണമെന്ന് ചീഫ് വെറ്റിനറി ഓഫിസര്‍ വ്യക്തമാക്കി. പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളെയും ഇന്നു മുതല്‍ നശിപ്പിക്കും.
വീടുകളിലും ഫാമുകളിലും വളര്‍ത്തുന്ന പക്ഷികളെയാണ് നശിപ്പിക്കുക. അതേസമയം ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
വൈറസുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്നും പക്ഷിപ്പനി മനുഷ്യരിലേക്ക് അതിവേഗം പടര്ന്നുപിടിക്കില്ലെന്നും പതിനായിരത്തില്‍ ഒന്ന് എന്ന നിരക്കിലാണ് പനി മനുഷ്യരിലേക്ക് പകരുകയെന്നും ചീഫ് വെറ്റിനറി ഓഫിസര്‍ അറിയിച്ചു.
ചത്ത പക്ഷികളെയും കോഴികളെയും കൈകാര്യം ചെയ്യുമ്പോള്‍ ഗ്ലൗസ് ഉപയോഗിക്കണം. ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കൈ കഴുകുകയും ആന്റി സെപ്റ്റിക് ലോഷനോ സാനിറ്റൈസസോ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും വേണം.
പച്ച മുട്ടയോ പച്ചമാംസമോ കഴിക്കുകയോ സ്പര്‍ശിക്കുകയോ ചെയ്യാതിരിക്കുക, പക്ഷി കാഷ്ഠങ്ങള് കൈകാര്യം ചെയ്യുമ്പോള്‍ ഗ്ലൗസ് ഉപയോഗിക്കുക, പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലേക്ക് മറ്റിടങ്ങളില്‍ നിന്ന് പക്ഷികളെ കൊണ്ടു വരാതിരിക്കുക തുടങ്ങിയ മുന്‍കരുതലുകളും ജനങ്ങള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കൊന്നൊടുക്കുന്ന പക്ഷികളുടെ ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കും
കോഴിക്കോട്: ജില്ലയില്‍ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊന്നൊടുക്കുന്ന വളര്‍ത്തുപക്ഷികളുടെ ഉടമസ്ഥര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി ജില്ലാ കളക്ടര്ക്ടര് സാംബശിവറാവു അറിയിച്ചു.
വേങ്ങേരി, വെസ്റ്റ് കൊടിയത്തൂര്‍ പ്രദേശങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളുടെഒരു കിലോമീറ്റര്‍ പരിധിയിലുള്ള വളര്‍ത്തു പക്ഷികളെയാണ് കൊന്നൊടുക്കുന്നത്.