‘കുന്നത്തൂർ: രാഷ്ട്രീയ രംഗത്ത് കൈവരിച്ച വിശുദ്ധിയാണ് തെന്നല ബാലകൃഷ്ണപിള്ളയുടെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ജി.ബാലകൃഷ്ണപിള്ളയുടെ നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനം ശൂരനാട്ട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാഷ്ട്രീയത്തിൽ പോലും ഒരു ശത്രുക്കളുമില്ലാത്ത അപൂർവം വ്യക്തിയാണ് തെന്നല. സവിശേഷ രീതിയിലെ രാഷ്ട്രീയമാണ് തെന്നല അന്നും ഇന്നും നയിക്കുന്നത്. തേടിയെത്തിയ സ്ഥാനമാനങ്ങൾ സ്നേഹപൂർവം നിരസിച്ചിട്ടുള്ള തെന്നലയുടെ രാഷ്ട്രീയ ചരിത്രം പുതുതലമുറയ്ക്ക് അത്ഭുതമുളവാക്കും.
കോൺഗ്രസിൽ തർക്കങ്ങളുണ്ടാവുമ്പോഴെല്ലാം പരിഹരിക്കാൻ നിയോഗിക്കപ്പെടുന്നത് തെന്നലയായത് അദ്ദേഹത്തിന്റെ നിഷ്പക്ഷതയുടെ തെളിവാണ്. വിരുദ്ധ അഭിപ്രായങ്ങളെയും സഹിഷ്ണുതയോടെ കാണുന്ന അദ്ദേഹം കടുത്ത കമ്യൂണിസ്റ്റ് വിരോധം കാട്ടിയിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സോമപ്രസാദ്, കാനം രാജേന്ദ്രൻ, സി.പി.ജോൺ, ഡോ.പുനലൂർ സോമരാജൻ, വി.വേണുഗോപാലക്കുറുപ്പ്, പന്തളം സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.ചടങ്ങിൽ ജന്മനാടിന്റെ പുരസ്ക്കാരം മുഖ്യമന്ത്രി തെന്നല ബാലകൃഷ്ണ പിള്ളക്ക് സമ്മാനിച്ചു.