നിയാസ് മുസ്തഫ
മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിന് ഭീഷണിയുയർത്തി പിന്നാന്പുറത്ത് കളിക്കുന്നത് ജ്യോതിരാദിത്യ സിന്ധ്യയാണെന്ന് വ്യക്തമായതോടെ ഹൈക്കമാൻഡ് നടത്തുന്ന ഇടപെടൽ ഫലപ്രാപ്തിയിലെത്തുമോയെന്ന് കണ്ടറിയാം.
ജ്യോതിരാദിത്യ സിന്ധ്യയുടെ നിർദേശത്തെത്തുടർന്നാണ് ആറു മന്ത്രിമാർ ഉൾപ്പെടെയുള്ള 18 എംഎൽഎമാർ കമൽനാഥ് സർക്കാരിനെ പ്രതിസന്ധിയിലാക്കി ബംഗളൂരുവിലേക്ക് കടന്നിരിക്കുന്നത്.
മധ്യപ്രദേശിലെ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള തന്ത്രം ആവിഷ്കരിച്ച് ബിജെപി നേതൃത്വവും സജീവമാണ്.
മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതും കോൺഗ്രസിനെ ഭയപ്പെടുത്തുന്നുണ്ട്.
അനുരഞ്ജന ചർച്ചകൾക്ക് ജ്യോതിരാദിത്യ സിന്ധ്യ തയാറാവുന്നില്ലായെന്നതാണ് കോൺഗ്രസിനെ ഇപ്പോൾ കുഴയ്ക്കുന്നത്. സിന്ധ്യയ്ക്ക് പന്നിപ്പനിയാണെന്നാണ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
അതേസമയം, ജ്യോതിരാദിത്യ സിന്ധ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന പ്രിയങ്ക ഗാന്ധിയെ അനുരഞ്ജന ചർച്ചകൾക്ക് മുൻകൈയെടുക്കാൻ കോൺഗ്രസ് കളത്തിലിറക്കാനും ആലോചിക്കുന്നുണ്ട്.
വരുന്ന രാജ്യസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടാണ് മധ്യപ്രദേശിലെ കോൺഗ്രസ് കലഹം മറനീക്കി പുറത്തുവന്നിരിക്കുന്നത്. മധ്യപ്രദേശിൽ ഒഴിവുവരുന്ന സീറ്റിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.
പ്രിയങ്ക മധ്യപ്രദേശ് രാഷ്ട്രീയത്തിന്റെ ഭാഗമായാൽ ജ്യോതിരാദിത്യ സിന്ധ്യ അയയുമെന്നാണ് കണക്കുകൂട്ടൽ. ബി.ജെ.പി സംസ്ഥാന നേതൃത്വം രാജ്യസഭാ സ്ഥാനാർഥികളുടെ 22അംഗ പട്ടിക പാർട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് കൈമാറിയിട്ടുണ്ട്.
സംസ്ഥാനത്ത് മൂന്നു സീറ്റുകളാണ് ഒഴിവുള്ളത്. നിലവിലെ സാഹചര്യത്തിൽ ഒരു എം.പിയെ മാത്രമാണ് ബി.ജെ.പിക്ക് ജയിപ്പിക്കാനാവുക. ഒരു എംപിയെ കോൺഗ്രസിനും വിജയിപ്പിക്കാനാകും.
മൂന്നാമത്തെ സീറ്റിൽ കോൺഗ്രസിനു വിജയിക്കാനാവുമായിരുന്നെങ്കിലും നിലവിലെ സ്ഥിതിയിൽ ബിജെപി കോൺഗ്രസിനു കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
കോൺഗ്രസിലെ പടലപ്പിണക്കം മുതലെടുത്ത് മൂന്നാമത്തെ സീറ്റിൽ വിജയിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഈ സാഹചര്യത്തിൽ പ്രിയങ്ക സ്ഥാനാർഥി ആയാൽ ബിജെപിക്ക് കടുത്ത ഭീഷണി ഉയർത്താം. കോൺഗ്രസിനെ ഒരുമിപ്പിച്ച് കൊണ്ടുപോകാനും കഴിയുമെന്നാണ് വിലയിരുത്തുന്നത്.
230 അംഗസഭയിൽ കോണ്ഗ്രസിന് 114ഉം ബി.ജെ.പിക്ക് 107 ഉം എംഎൽഎമാരുമാണുള്ളത്. നാലു സ്വതന്ത്രർ, ബഹുജൻ സമാജ് വാദി പാർട്ടിയുടെ രണ്ട് അംഗങ്ങൾ, ഒരു സമാജ് വാദി പാർട്ടി അംഗം എന്നിവരുടെ പിന്തുണയോടെയാണ് കമൽനാഥ് സർക്കാർ ഭരിച്ചുവന്നത്. കോണ്ഗ്രസ്, ബി.ജെ.പി അംഗങ്ങളുടെ മരണത്തെ തുടർന്ന് രണ്ടു സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
അതേസമയം, ആറ് മന്ത്രിമാരുൾപ്പെടെ 18 എം.എൽഎമാർ ഇപ്പോഴും അജ്ഞാത കേന്ദ്രത്തിൽ തുടരുകയാണ്. ഇന്നലെ മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും രാജിവച്ചിരുന്നു.
മന്ത്രിസഭ പുനഃസംഘടന നടത്തി പ്രതിസന്ധി പരിഹരിക്കാനാണ് കമൽനാഥിന്റെ ശ്രമം. വിമത എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി ജ്യോതിരാദിത്യ സിന്ധ്യയുടെ പിണക്കം മാറ്റാൻ ശ്രമിക്കും.
ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് രാജ്യസഭ എംപി സ്ഥാനവും അദ്ദേഹത്തിന്റെ അടുത്ത അനുയായിക്ക് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി നൽകാനും നീക്കമുണ്ട്. എന്നാൽ ജ്യോതിരാദിത്യ സിന്ധ്യ ഇതിനോടൊക്കെ എങ്ങനെ പ്രതികരിക്കുമെന്ന് ഇതുവരെ ഉറപ്പൊന്നും ലഭിച്ചിട്ടില്ല.
16നാണ് നിയമസഭയുടെ ബജറ്റ് സമ്മേളനംതുടങ്ങുന്നത്. രാജ്യസഭയിലേക്കുള്ള മൂന്ന് ഒഴിവുകൾ നികത്താനുള്ള തെരഞ്ഞെടുപ്പ് 26നു നടക്കും.
അതേസമയം, ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽനിന്ന് രാജിവയ്ക്കാനുള്ള ഒരുക്കം നടത്തുന്നുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയും വിമത എംഎൽഎമാരും ബിജെപിയിലേക്ക് ചേക്കാറാനുള്ള സാധ്യതയുണ്ട്.
ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മുഖ്യമന്ത്രി പദം നൽകി തൽക്കാലം കമൽനാഥ് സർക്കാരിനെ താഴെയിറക്കാനും ബിജെപി ശ്രമം നടത്തുന്നുണ്ട്.
സർക്കാരിനെ മറിച്ചിടാനില്ലായെന്ന് ശിവരാജ് സിംഗ് ചൗഹാൻ പറയുന്നുണ്ടെങ്കിലും അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ബിജെപി ശ്രമം നടത്തുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.
ജ്യോതിരാദിത്യ സിന്ധ്യ കോണ്ഗ്രസ് വിട്ടു
ന്യൂഡൽഹി: ജ്യോതിരാദിത്യ സിന്ധ്യ കോണ്ഗ്രസ് വിട്ടു. കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു ജ്യോതിരാദിത്യ സിന്ധ്യ രാജിക്കത്ത് കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് സിന്ധ്യ കോണ്ഗ്രസ് വിട്ടത്.
18 വർഷമായി താൻ കോണ്ഗ്രസിൽ നിന്നത് ജനങ്ങൾക്കായി പ്രവർത്തിക്കുവാൻ വേണ്ടിയാണ്. എന്നാൽ ഇപ്പോൾ അതിനു സാധിക്കുന്നില്ലെന്നും സിന്ധ്യ പറഞ്ഞു. കോൺഗ്രസ് തന്നെ അവഗണിച്ചുവെന്നും ജ്യോതിരാതിത്യ സിന്ധ്യ പറഞ്ഞിരുന്നു.
മധ്യപ്രദേശ് സർക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കുന്നതാണ് സിന്ധ്യയുടെ രാജി. സിന്ധ്യയ്ക്കു പിന്തുണ നൽകി 17 എംഎൽഎമാർ രംഗത്തെത്തിയിരുന്നു. ഇവർ അജ്ഞാത കേന്ദ്രങ്ങളിലാണ്.
അതേസമയം സിന്ധ്യയെ അനുനയിപ്പിക്കുന്നതിനായി സോണിയയുടെ നേതൃത്വത്തിൽ മുതിർന്ന കോണ്ഗ്രസ് നേതാക്കൾ ഇന്ന് ഡൽഹിയിൽ യോഗം ചേർന്നിരുന്നു. ഇതിനിടെയാണ് സിന്ധ്യയുടെ രാജിക്കത്ത് ലഭിച്ചത്.
മോദിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രാദേശിക പാർട്ടി രൂപീകരിക്കാമെന്ന നിലപാടാണ് സിന്ധ്യ സ്വീകരിച്ചത്. തനിക്കൊപ്പം നിരവധി എംഎൽഎമാർ ഉണ്ടെന്നും സിന്ധ്യ മോദിയെയും അമിത് ഷായെയും അറിയിച്ചു. എന്നാൽ സിന്ധ്യയോട് ബിജെപിയിൽ ചേരണമെന്നാണ് മോദി ആവശ്യപ്പെട്ടത്.