തൃശൂർ: കാർഷിക സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ അനധികൃത ഇടപെടൽ നടത്തിയെന്നാരോപിച്ച് കാർഷിക സർവകലാശാല രജിസ്ട്രാറെ എസ്എഫ്ഐ പ്രവത്തകർ തടഞ്ഞുവച്ചു.
നാളെ നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സർവകലാശാല അന്പലവയൽ കോളജിലെ നാമനിർദ്ദേശപത്രിക സമർപണവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഘെരാവോയിൽ എത്തിയത്.
സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ അന്പലവയൽ കോളജിലെ കെഎസ്യു സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക വരണാധികാരി തള്ളി സ്ഥാനാർഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ തള്ളിപ്പോയവരെ ഉൾപ്പെടുത്താൻ രജിസ്ട്രാർ ഉത്തരവിറക്കിയെന്നാരോപിച്ചായിരുന്നു എസ്എഫ്ഐയുടെ ഉപരോധം.
ഇരുപത്തിയഞ്ചോളം എസ്എഫ്ഐ പ്രവർത്തകരെത്തി രജിസ്ട്രാറുടെ റൂം പൂട്ടുകയും മറ്റൊരു സംഘം സർവകലാശാല ആസ്ഥാന മന്ദിരത്തിലെ നാലു വാതിലുകളും ഉപരോധിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. തുടർന്ന് സർവകലാശാല നിർദേശമനുസരിച്ച് ഉച്ചക്ക് ഒന്നരയോടെ വാതിലുകൾ അകത്തുനിന്നു പൂട്ടുകയായിരുന്നു.
ഭക്ഷണം കഴിക്കാൻ പുറത്തുപോയ ജീവനക്കാർക്ക് വൈകിട്ട് അഞ്ചര വരെ ഉള്ളിലേക്കുള്ള പ്രവേശനം നൽകാൻ സർവകലാശാല അധികാരികൾ തയാറായില്ലെന്നും ആരോപണമുണ്ട്. ആറു മണിക്കൂറോളമാണ് രജിസ്ട്രാറെ റൂമിൽ സമരക്കാർ തടഞ്ഞുവച്ചത്.
പിന്നീട് എസ്എഫ്ഐ പ്രവർത്തകരുമായി വിസി നടത്തിയ ചർച്ചയിൽ ഇന്നു നടക്കാനിരുന്ന അന്പലവയൽ കോളജിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ ധാരണയായി. മറ്റ് കോളജുകളിലെ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും.