വരന്തരപ്പിള്ളി: പാലപ്പിള്ളി തോട്ടം മേഖലയിൽ കന്നുകാലികളിൽ പടർന്നുപിടിച്ച ചർമ മുഴ രോഗത്തിനുള്ള പ്രതിരോധ മരുന്നുകൾ കിട്ടാനില്ലാത്തത് പ്രതിസന്ധിക്കിടയാക്കുന്നു. ജില്ലയിൽ ചർമമുഴ രോഗം പടർന്നുപിടിച്ചതോടെയാണ് മരുന്ന് ക്ഷാമം രൂക്ഷമായത്.
ജില്ലാ വെറ്റിനറി ആശുപത്രിയിൽ നിന്ന് ഓരോ മൃഗാശുപത്രികളിലേക്കും നൽകിയ പ്രതിരോധ മരുന്ന് തീർന്നു പോയതാണ് മരുന്നുക്ഷാമത്തിന് കാരണമെന്ന് അധികൃതർ പറയുന്നു.
വരന്തരപ്പിള്ളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ചർമമുഴ രോഗം സ്ഥിരീകരിച്ചതോടെ മൃഗാശുപത്രിയിൽ കരുതിയിരുന്ന മരുന്നുകൾ നേരത്തെ തീർന്നിരുന്നതായി വെറ്റിറനറി ഓഫീസർ ഡോ. ടി.ജെ. രോഷ്മ പറഞ്ഞു.
പാലപ്പിള്ളി മേഖലയിൽ ഒരേ സമയം നൂറിലേറെ കന്നുകാലികൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയപ്പോൾ പ്രതിരോധ മരുന്നിന്റെ ദൗർലഭ്യം അധികൃതർക്ക് തിരിച്ചടിയാകുകയാണ്.
സംസ്ഥാനത്ത് ആദ്യമായി തൃശൂർ ജില്ലയിലാണ് മൂന്നു മാസം മുന്പ് ചർമമുഴ രോഗം സ്ഥിരീകരിച്ചത്.പിന്നീട് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും കൂട്ടത്തോടെ കന്നുകാലികളിൽ ചർമമുഴ കണ്ടെത്തിയത് പാലപ്പിള്ളിയിലാണ്.
പാലപ്പിള്ളി കുള്ളൻ എന്ന പേരിലറിയപ്പെടുന്ന നാടൻ ഇനത്തിൽപ്പെട്ട കന്നുകാലികളിലാണ് ചർമമുഴ രോഗം വ്യാപകമായിരിക്കുന്നത്. തോട്ടം വനം മേഖലയിൽ കാരികുളം, പാലപ്പിള്ളി, മൈസൂർ, വലിയകുളം പ്രദേശങ്ങളിലെ നൂറുകണക്കിന് കന്നുകാലികളിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
കന്നുകാലികളുടെ ശരീരഭാഗങ്ങളിൽ മുഴകൾ രൂപപ്പെടുകയും പിന്നീട് വൃണമായി പൊട്ടിയൊലിക്കുന്നതായാണ് കാണുന്നത്. കഴിഞ്ഞ ദിവസം കാരികുളത്ത് രോഗം മൂർഛിച്ച പശു ചത്തിരുന്നു. ഉടമസ്ഥരില്ലാതെ അലഞ്ഞുനടക്കുന്ന നൂറുകണക്കിന് പശുക്കളാണ് മേഖലയിലുള്ളത്.
കൂട്ടമായി നടക്കുന്ന പശുക്കളിൽ അതിവേഗം രോഗം പടരുകയാണ്.
ചർമ മുഴ കാണപ്പെട്ട ഭാഗങ്ങളിൽ മരുന്ന് പുരട്ടി നൽകുകയാണ് പ്രാഥമിക ചികിത്സ. എന്നാൽ ഇവിടെയുള്ള കന്നുകാലികൾക്ക് ഇത്തരം ചികിത്സ നടത്താൻ കഴിയാത്ത അവസ്ഥയാണ്.
മൂക്കുകയറില്ലാത്തതുമൂലം കുത്തിവെയ്പ്പ് എടുക്കാനും കഴിയുന്നില്ല. രാവിലെ മുതൽ മേഞ്ഞുനടക്കുന്ന കന്നുകാലികൾ വൈകീട്ടാണ് പാഡികൾക്ക് സമീപം എത്തുന്നത്. വൃത്തിഹീനമായ സ്ഥലത്ത് കൂട്ടമായി കിടക്കുന്നത് കാരണമാണ് എല്ലാ കന്നുകാലികളിലും രോഗം പടരുന്നത്.
പാൽ കുടിക്കുന്ന കിടാങ്ങളിലും രോഗം വ്യാപകമാണ്. മൃഗ സംരക്ഷണ വകുപ്പ്, പഞ്ചായത്ത് എന്നിവർ ഇടപ്പെട്ട് ആവശ്യമായ വാക്സിൻ എത്തിക്കുന്നതിനും തോട്ടങ്ങളിൽ മേഞ്ഞുനടക്കുന്ന കന്നുകാലികൾക്ക് കുത്തിവപ്പ് നൽകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.