കോട്ടക്കൽ: ഇതര സംസ്ഥാന ബാലികയെ ക്വാർട്ടേഴ്സിൽ താമസിപ്പിച്ച് പീഡിപ്പിച്ചതായി പരാതി.
നാലു ദിവസം മുന്പ് 12 വയസുള്ള ബാലികയെ ആസാം സ്വദേശികളായ സ്ത്രീയും യുവാവും ചേർന്നാണ് നാട് കാണിക്കാനാണെന്ന പേരിൽ ക്വാർട്ടേഴ്സിൽ എത്തിച്ചത്. ഇതിനിടെ നിരവധി പേർ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതായാണ് സൂചന.
കോട്ടക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്വകാര്യ ക്വാർട്ടേഴ്സിലാണ് കുട്ടിയെ താമസിപ്പിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ടു ചിലർ പോലീസ് നിരീക്ഷണത്തിലാണ്.
നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നു ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുട്ടിയെ രക്ഷിച്ചത്. തുടർന്നു കേസ് പോലീസിനു കൈമാറി. ഇതുസംബന്ധിച്ചു കണ്ടാലറിയാവുന്ന ആളുകൾക്കെതിരെ കുട്ടി മൊഴി നൽകിയിട്ടുണ്ട്.
പോലീസ് ഏതാനും പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ സുരക്ഷിത സ്ഥലത്തേക്കു മാറ്റിയിരിക്കുകയാണ്.
പരിശോധനക്ക് ചൈൽഡ് ലൈൻ ജില്ലാ കോ-ഓർഡിനേറ്റർ അൻവർ കാരക്കാടൻ, മുഹ്സിൻ പരി, ഫായിസ്, ഫർസാന നേതൃത്വം നൽകി. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.