വാഴക്കുളം: സ്വകാര്യ പുരയിടത്തിൽ അനധികൃതമായി പാറപൊട്ടിക്കുന്നതിനിടയിൽ സ്ഫോടക വസ്തുക്കളുമായി പിടിയിലായ രണ്ടു പേരെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
വാഴക്കുളത്തെ ബാർ ഹോട്ടലിനു പിന്നിലുള്ള പുരയിടത്തിൽ നിന്ന് ഇന്നലെ ഉച്ചയോടെയാണ് രണ്ടു ജലാറ്റിൻ സ്റ്റിക്കും രണ്ടു ഡിറ്റണേറ്ററും വാഴക്കുളം പോലീസ് പിടിച്ചെടുത്തത്.
കംപ്രസർ ഡ്രൈവർമാരായ തൊടുപുഴ കാരിക്കോട് പള്ളിക്കുന്നേൽ ജോണി, തേവർപണ്ണംപിള്ളിൽ രാജീവ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അജ്ഞാത സന്ദേശമനുസരിച്ചാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. പലപ്പോഴായി ഇവിടെ പുരയിടത്തിലുള്ള പാറ പൊട്ടിച്ചു നീക്കം ചെയ്യുന്നതിന് ശ്രമം നടക്കുന്നുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.
പാറ പൊട്ടിക്കുന്നതിന് ഉപയോഗിച്ച കംപ്രസറും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കംപ്രസർ വാഴക്കുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണെന്നും പറയുന്നു.