നിയാസ് മുസ്തഫ
മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ആത്മവിശ്വാസത്തിലാണ്. തന്റെ സർക്കാർ അഞ്ചുവർഷം ഭരിക്കുമെന്നും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം പറയുന്നു.
തോൽക്കുന്നതിന്റെ അവസാന നിമിഷംവരെ ആത്മവിശ്വാസം നല്ലതാണെന്ന് ബിജെപിയും തിരിച്ചടിക്കുന്നു.
22 കോൺഗ്രസ് എംഎൽഎമാർ രാജിവച്ച പശ്ചാത്തലത്തിൽ, തങ്ങളുടെ എംഎൽഎമാരെ വിലയ്ക്കെടുക്കാൻ കമൽനാഥ് ശ്രമിക്കുമെന്ന ഭയത്തിൽ ഹരിയാനയിലെ പഞ്ചനക്ഷത്ര ഹോട്ട ലിലേക്ക് എംഎൽഎമാരെയെല്ലാം ബിജെപി മാറ്റി.
ബാക്കിയുള്ള എംഎൽഎമാരെ കൂടി വിലയ്ക്കെടുക്കാതിരിക്കാൻ കോൺഗ്രസും രാജസ്ഥാനിലേക്ക് എംഎൽഎമാരെ മാറ്റുകയാണ്. രാജിവച്ച എംഎൽഎമാർ ഇപ്പോഴും ബംഗളൂരുവിൽ തുടരുകയാണ്.
കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ രാജിവച്ച എംഎൽഎമാരുമായി സന്പർക്കം പുലർത്തുന്നുണ്ട്. തങ്ങളെ വഞ്ചിച്ചാണ് രാജിക്കത്തിൽ ഒപ്പുവയ്പിച്ചതെന്ന് എംഎൽഎമാർ പറഞ്ഞതായി ശിവകുമാർ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു.
രാജ്യസഭ സ്ഥാനാർഥിത്വത്തിനു നൽകാനുള്ള പേപ്പറെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണത്രേ എംഎൽഎമാരെ കൊണ്ട് ഒപ്പിടുവിച്ചത്. ഇത് കമൽനാഥിന് ആശ്വാസം പകരുന്നു.
കമൽനാഥിന്റെ നീക്കങ്ങൾക്ക് ശക്തി പകരാൻ ദിഗ് വിജയ് സിംഗ് ഒപ്പമുണ്ട്. ഇതോടൊപ്പം മൂന്നംഗ സമിതിയെ മധ്യപ്രദേശിലേക്ക് ഹൈക്കമാൻഡ് നിയോഗിച്ചിരിക്കുന്നു.
ഈ മാസം 16നാണ് സഭ ചേരേണ്ടത്. സഭ ചേരുന്ന 16നു തന്നെ വിശ്വാസവോട്ടെടുപ്പ് നടന്നേക്കും. വിമത എംഎൽഎമാർ വിശ്വാസ വോട്ടിന്റെ സമയത്ത് സർക്കാരിന് അനുകൂലമായി വോട്ടുചെയ്യുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
പക്ഷേ ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന് കണ്ടറിയണം. വിശ്വാസ വോട്ടിന്റെ സമയത്ത് അദ്ഭുതങ്ങൾ സംഭവിക്കുമെന്ന് ദിഗ് വിജയ് സിംഗും പറയുന്നു.
തങ്ങളെ വഞ്ചിച്ചുവെന്ന എംഎൽമാരുടെ പ്രസ്താവന പുറത്തു വന്നതുകൊണ്ട് സ്പീക്കർ തൽക്കാലം രാജി സ്വീകരിക്കാൻ സാധ്യതയില്ലെന്നാണ് കരുതുന്നത്.
രാജിവച്ച എംഎൽഎമാർ സ്പീക്കർക്ക് മുന്പിലെത്തി സ്വമേധയാ ആണ് തങ്ങൾ രാജിവച്ചതെന്ന് വ്യക്തമാക്കിയാൽ മാത്രമേ സ്പീക്കർ രാജി സ്വീകരിക്കാൻ സാധ്യതയുള്ളൂ.
രാജി സ്വീകരിക്കാൻ സ്പീക്കർ വൈകിയാൽ വിമത എംഎൽഎമാരെ തിരികെ കൊണ്ടുവരാൻ കമൽനാഥിന് ആവശ്യത്തിന് സമയം കിട്ടും.
ഇന്നലെ വൈകിട്ട് നടന്ന കോണ്ഗ്രസിന്റെ പാർലമെന്ററി പാർട്ടി യോഗത്തിൽ 94 അംഗങ്ങൾ പങ്കെടുത്തുവെന്നാണ് കോണ്ഗ്രസ് നേതൃത്വം അവകാശപ്പടുന്നത്.
ബിഎസ്പിയിലെ രണ്ടംഗങ്ങൾ, എസ്പിയിലെ ഒരംഗം, നാലു സ്വതന്ത്രർ എന്നിവർ തങ്ങളോടൊപ്പമുണ്ടെന്നും കോൺഗ്രസ് അവകാശപ്പെടുന്നു.
എന്നിരുന്നാലും, കമൽനാഥ് ഈ അഗ്നിപരീക്ഷയിൽ വിജയിക്കില്ലായെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. മികച്ച തന്ത്രജ്ഞനാണ് കമൽനാഥ് എന്നതിനാൽ അല്പം കരുതലോടെയാണ് ബിജെപിയും കരുക്കൾ നീക്കുന്നത്.
അതേസമയം, കോൺഗ്രസിൽനിന്ന് രാജിവച്ച ജ്യോതിരാദിത്യ സിന്ധ്യ രാജ്യസഭയിലേക്ക് ബിജെപിക്ക് വേണ്ടി മത്സരിക്കുമെന്ന് ഉറപ്പായി. കേന്ദ്രത്തിൽ മന്ത്രിസ്ഥാനവും അദ്ദേഹത്തിന് നൽകും.
കമൽനാഥ് സർക്കാർ വീണാൽ ശിവരാജ് സിംഗ് ചൗഹാൻ നാലാം തവണയും മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയാകും.
വിമത എംഎൽമാർക്ക് മന്ത്രിസഭയിൽ ഉൾപ്പെടെ പദവികൾ നൽകുന്ന കാര്യവും ബിജെപിയുടെ സജീവ പരിഗണനയിലുണ്ട്. ഗവർണറെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി ഇപ്പോൾ.