കൊച്ചി: ആലപ്പുഴ പൂച്ചാക്കലില്‍ അമിത വേഗതയില്‍ എത്തിയ കാറ് ഇടിച്ച് ഗുരുതരമായി പരിക്കറ്റേ ആറ് പേരുടെ ആരോഗ്യ നിലയില്‍ പുരോഗതി. ഇന്ന് രണ്ട് വിദ്യാര്‍ഥിനികളെ ശസ്ത്രക്രിയ്ക്ക് വിധേയമാക്കും. മറ്റ് രണ്ട് വിദ്യാര്‍ഥിനികളുടെ ശസ്ത്രക്രിയ നാളെയാണ്.
അതേസമയം, എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിന്റെയും മകന്റെയും നില തൃപ്തികരമാണ്. ഇരുവര്‍ക്കും അടുത്ത ദിവസം ആശുപത്രി വിടാന്‍ കഴിയുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയായ അനഘ, സാഗി, ചന്ദന, അര്‍ച്ചന എന്നിവരെയും, ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പൂച്ചാക്കല്‍ സ്വദേശി അനീഷിനും മകനെയുമാണ് കാര്‍ ഇടിച്ചിട്ടത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം നടന്നത്.
കാര്‍ ആദ്യം അനീഷിന്റെ ബൈക്കില്‍ ഇടിച്ച ശേഷമാണ് നടന്നു പോകുകയയായിരുന്ന മൂന്നു വിദ്യാര്‍ഥികളുടെ ഇടയിലേക്ക് ഇടിച്ചുകയറിയത്. ഒരു കുട്ടി തോട്ടിലേക്കും മറ്റ് രണ്ട് പേര് സമീപത്തെ പറമ്പിലേക്കും തെറിച്ചുവീണു.
ഇതിനുംശേഷം മുന്നോട്ടു പോയ കാര്‍ സൈക്കിളില്‍ പോകുകയായിരുന്ന നാലാമത്തെ കുട്ടിയെയും ഇടിച്ചിടുകയായിരുന്നു. പിന്നീട് റോഡരികിലെ മരത്തിലിടിച്ചാണ് കാര്‍ നിന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചിത്സയില് കഴിയുന്ന കാര്‍ ഡ്രൈവര്‍ക്കും സുഹൃത്തിനും പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി.
ആശുപത്രി വിടുന്ന മുറയ്ക്ക് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. പൂച്ചാക്കല്‍ സ്വദേശി മനോജ്, അന്യ സംസ്ഥാന തൊഴിലാളി ആനന്ദ് മുഡോയി എന്നിവരാണ് കാറിലുണ്ടായിരുന്നത്.