കൽപ്പറ്റ: ആരോഗ്യ വകുപ്പ് നിർദ്ദേശിച്ച നിരീക്ഷണ കാലയളവിൽ വീടുകളിൽ നിന്ന് നിർദ്ദേശം ലംഘിച്ച് പുറത്ത് പോകുന്നത് കുറ്റകരമായി കണക്കാക്കുന്നതും പൊതുജനാരോഗ്യ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും കേസെടുക്കുമെന്നും ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള പറഞ്ഞു. കളക്ടറേറ്റിൽ ചേർന്ന ആരോഗ്യ ജാഗ്രത അവലോകനത്തിലാണ് നടപടി.
നിലവിൽ 31 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 30 പേർ വീടുകളിലും ഒരാൾ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുളളത്. മുഴുവൻ സർക്കാർ ഓഫീസുകളിലും സാനിറ്റൈസർ വെക്കണം. പൊതുയിടങ്ങളിലും ഇവ സ്ഥാപിക്കുന്നതിനുളള സാധ്യത പരിശോധിക്കും.
പൊതുജനങ്ങളിൽ ജാഗ്രതാ നിർദ്ദേശങ്ങൾ അറിയിക്കുന്നതിന് സംവിധാനമൊരുക്കും. ജില്ലയിലെ ആരാധനാലയങ്ങളിലെ ഉത്സവങ്ങൾ, നേർച്ചകൾ, പെരുന്നാളുകൾ തുടങ്ങിയ ചടങ്ങുകൾ ലഘൂകരിക്കണം.
ഇവ ചടങ്ങുകൾ മാത്രമാക്കി നിജപ്പെടുത്തുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ വികസന സെമിനാറുകളും പൊതുപരിപാടികളും മാറ്റിവെക്കണം. വിവാഹം പോലുളള ആഘോഷങ്ങൾ ലളിതമാക്കണം.
വിദേശികൾ താമസിക്കാൻ എത്തുന്ന വിവരം റിസോർട്ടുടമകൾ ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിക്കാതിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ വീഴ്ച്ചവരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ദുരന്തനിവാരണ അതോറിറ്റി ഉത്തരവിറക്കി നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം
കൽപ്പറ്റ: കൊറോണ, കുരങ്ങുപനി, പക്ഷിപ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട ജില്ലയിൽ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിറക്കി. നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നതും, ധാരാളം വിനോദ സഞ്ചാരികൾ എത്തുന്നതുമായ ജില്ലയിൽ രോഗ പ്രതിരോധ നടപടികൾ ഉൗർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
കോവിഡ്-19 വൈറസ് പ്രതിരോധ നിർദ്ദേശങ്ങൾ
കൽപ്പറ്റ: വിദ്യാലയങ്ങൾ അടച്ച സാഹചര്യത്തിൽ ട്യൂഷൻ ക്ലാസുകൾ, സ്പെഷൽ ക്ലാസുകൾ, അവധിക്കാല ക്ലാസുകൾ തുടങ്ങിയവയൊന്നും നടക്കുന്നില്ലയെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറകടർ ഉറപ്പ് വരുത്തണം.
ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും അതുപോലുള്ള മറ്റ് പരിപാടികളും ഒഴിവാക്കുകയും അവ ചടങ്ങുകൾ മാത്രമായി നടത്തുകയും ചെയ്യണം.
ജനങ്ങളെ കൂട്ടത്തോടെ പങ്കെടുപ്പിക്കുന്ന പരിപാടികൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഉത്സവ നടത്തിപ്പിന് പോലീസ് മുന്പാകെ ലഭിക്കുന്ന അപേക്ഷകളിൽ കർശന നിയന്ത്രണത്തോടെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അനുവാദം വാങ്ങണം.
വിവാഹങ്ങൾ ചുരുങ്ങിയ രീതിയിൽ ലളിതമായി നടത്തണമെന്നും ഇത്തരത്തിൽ വിവാഹം നടത്തുന്നതിന് മുൻപായി കളക്ടറേറ്റിലെ 04936204151 എന്ന ഫോണ് നന്പറിൽ വിളിച്ച് അറിയിക്കേണ്ടതുമാണ്. ജില്ലയിലെ വീടുകളിൽ നിരീക്ഷണത്തിലുള്ള കുടുംബങ്ങളിൽ അർഹരായവർക്ക് ഭക്ഷണമെത്തിക്കാൻ സംവിധാനമുണ്ടാക്കും.
ജില്ലാ സിവിൽ സപ്ളൈ ഓഫീസർ ഇതിനായി ഒരു പ്രത്യേക ടീമിനെ നിയോഗിക്കേണ്ടതും ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതുമാണ്.
പൊതുജനങ്ങൾ ധാരളമായി എത്തുന്ന കളക്ടറേറ്റ് തുടങ്ങിയ ഓഫീസുകളിൽ രോഗബാധ നിയന്ത്രിക്കാനുള്ള മുൻകരുതലുകൾ ഏർപ്പെടുത്തും. ഇതിനായി ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സാനിറ്റൈസർ ലഭ്യമാക്കണം.
വിദേശത്ത് നിന്നും വരുന്ന ആളുകൾ ആരോഗ്യ കേന്ദ്രങ്ങളിലോ ജില്ലാ കണ്ട്രോൾ റൂമിലോ 04936 204151, വിവരം അറിയിക്കേണ്ടതും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വാർഡ് മെന്പർമാരുടേയും ആശാ വർക്കർമാരുടേയും സഹായത്തോടെ കോവിഡ് -19 രോഗ ബാധിത പ്രദേശങ്ങളിൽനിന്നും വന്നിട്ടുള്ളവരുണ്ടോയെന്ന് കണ്ടെത്താൻ നിരീക്ഷണസംവിധാനം ശക്തിപ്പെടുത്തും.
സർക്കാരിന്റെയും ഒൗദ്യോഗിക സംവിധാനങ്ങളുടെയും നിർദേശങ്ങളല്ലാതെ വാർത്ത പരക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് കണ്ടെത്തിയാൽ കർശന ശിക്ഷാനടപടികൾ സ്വീകരിക്കും.
ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ടിക്കറ്റ് കൗണ്ടർ, സുരക്ഷാ ജീവനക്കാർ എന്നിവരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതും അടിയന്തര ഘട്ടങ്ങളിൽ സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സഹായം തേടണം.
കുരങ്ങ് പനി പ്രതിരോധം
കൽപ്പറ്റ: കുരങ്ങുപനി പ്രതിരോധത്തിന്റെ ഭാഗമായി വാക്സിനേഷൻ ഉൗർജ്ജിതപ്പെടുത്തും. ആദ്യ ഡോസിന് ശേഷം ഒരു മാസം കഴിഞ്ഞും ആറുമാസം കഴിഞ്ഞും ഓരോ ഡോസ് വാക്സിൻ കൂടി എടുക്കണം. തുടർ വർഷങ്ങളിൽ ഓരോ ബൂസ്റ്റർ ഡോസ് മാത്രം എടുത്താൽ മതിയാകും.
ലേപനങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു. ജില്ലയിൽ കുരങ്ങ് പനി സ്ഥിരീകരിക്കപ്പെട്ട 14 പേരിൽ 4 പേർ ഇപ്പോഴും ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
കുരങ്ങു മരണം നിരീക്ഷിക്കേണ്ടതും കുരങ്ങിന്റെ മൃതശരീരം കിടക്കുന്നതിന്റെ 50 മീറ്റർ ചുറ്റളവിൽ മാലത്തിയോണ് പൗഡർ വിതരണം, ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ കർശനമായും വാക്സിനേഷൻ എടുക്കണം.
അസുഖം ബാധിച്ചതോ അസുഖ ലക്ഷണങ്ങൾ കാണിക്കുന്നതോ ആയ കുരങ്ങുകളെ കൂട്ടിലാക്കി ജനവാസമുള്ള പ്രദേശങ്ങളിൽ നിന്നും മാറ്റണം. ഇവ മരണപ്പെടുകയാണെങ്കിൽ 6 മണിക്കൂറിനകം പോസ്റ്റ്മോർട്ടം നടത്തേണ്ടതും കുരങ്ങു പനി മൂലമാണോ മരണം എന്ന് ഉറപ്പ് വരുത്തണം.
വിറകിനായും മറ്റും വനത്തിൽ പ്രവേശിക്കുന്നവരും രോഗം പടരാനിടയുള്ള വനാതിർത്തിയോട് ചേർന്നു താമസിക്കുന്ന പട്ടികവർഗ്ഗകോളനികളിൽ താമസിക്കുന്നവരും ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.
ഭക്ഷണ പദാർത്ഥങ്ങളുടെ അവശിഷ്ടങ്ങൾ കൃത്യമായി സംസ്കരിക്കുന്നത് കുരങ്ങിന്റെ സാന്നിധ്യം ജനവാസ കേന്ദ്രങ്ങളിൽ ഒഴിവാക്കാൻ സഹായിക്കും.
വനത്തിനോടടുത്ത മേഖലകളിലും പട്ടികവർഗ്ഗ സങ്കേതങ്ങളിലും പനി, മറ്റ് അസുഖങ്ങളുടെയും വിവരങ്ങൾ പ്രൊമോട്ടർമാർ ആരോഗ്യവകുപ്പിനെ അറിയിക്കണം. ഫോണ് : 04936 204151 ടോൾ ഫ്രീ 1077.
പക്ഷിപനി പ്രതിരോധം
കൽപ്പറ്റ: അയൽ ജില്ലകളിൽ നിന്നും ജില്ലയിലേക്ക് കോഴി ഉൾപ്പെടെയുളള പക്ഷികളെ കൊണ്ട് വരുന്നത് വിലക്കി. പോലീസ്, മൃഗ സംരക്ഷണ വകുപ്പ്, ആർടിഒ, ഫോറസ്റ്റ് വകുപ്പുകളോട് പരിശോധന ശക്തമാക്കാൻ നിർദ്ദേശം നൽകി.
ജില്ലയിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ ജില്ലയിലെ ഫാമുകളിൽ ഉൽപാദിപ്പിക്കുന്ന കോഴികളും മറ്റും വിൽപന നടത്തുന്നതിന് തടസമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.