
(1) സാധാരണക്കാരായ ജനങ്ങൾ വീടുകളിൽ അടച്ചിരിക്കണോ
സംസ്ഥാനത്ത് കോവിഡ് പടരുന്ന സാഹചര്യമുള്ളതിനാലാണ് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്. രോഗബാധയുള്ള സ്ഥലങ്ങളിൽ നിന്ന് വന്നവരുമായി ഇടപഴകിയവരോടാണ് വീടിനകത്ത് അടച്ചിട്ട മുറിയിൽ കഴിയാൻ കർശനമായി പറഞ്ഞിട്ടുള്ളത്.
പൊതുജനങ്ങളോട് പുറത്തിറങ്ങരുതെന്ന് വിലക്കിയിട്ടില്ല. എന്നാൽ പതിവുപോലെ കറങ്ങിത്തിരിയുന്നത് ഒഴിവാക്കുക. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തുപോവുക.
വിനോദയാത്രകൾ, സിനിമ കലാപരിപാടികൾ ഉത്സവങ്ങൾ തുടങ്ങി നിരവധി പേരെത്തുന്ന സ്ഥലങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കുക.
(2) ഹോട്ടലുകളിൽ നിരവധി പേരെത്തുന്നതിനാൽ
ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ പോകുന്നതിൽ അപകടമുണ്ടോ
ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ പോകുന്നതിനെ ഇതുവരെയും വിലക്കിയിട്ടില്ല. കാരണം അത് ഒഴിവാക്കാൻ എളുപ്പമല്ലാത്ത കാര്യമായതിനാലാണ് ഹോട്ടൽ സന്ദർശനം വിലക്കാത്തത്.
വീട്ടിലെ ഭക്ഷണം കഴിക്കാൻ സാധിക്കുന്നവർ പരമാവധി അതു തന്നെ കഴിക്കുക. നിവൃത്തിയില്ലെങ്കിൽ മാത്രം ഹോട്ടലുകളെ ആശ്രയിക്കുക. ഹോട്ടലിൽ നിങ്ങളുടെ അടുത്തിരുന്ന ഭക്ഷണം കഴിക്കുന്നവർ വായും മൂക്കും പൊത്താതെ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുന്നുണ്ടെങ്കിൽ തൂവാല ഉപയോഗിച്ച് വായും മൂക്കും പൊത്തി ചുമയ്ക്കാനും തുമ്മാനും അവരോട് കർശനമായി പറയുക.
എങ്ങിനെ പറയും എന്ന് കരുതി മടിച്ചിരിക്കരുത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാണ് അത്. പൊതു സ്ഥലത്ത് തുപ്പുന്നവരെ കണ്ടാൽ വിവരം പോലീസിനെ അറിയിക്കുക.
രോഗം പരത്തുന്ന ഇത്തരം നടപടികളെ ഇല്ലാതാക്കാൻ ജനങ്ങളുടെ പിന്തുണയും സഹകരണവും വേണം. തട്ടുകടകളുടെ കാര്യത്തിലും ഇതു തന്നെയാണ് ചെയ്യേണ്ടത്.
(3) പൊതുഗതാഗത സംവിധാനമായ ബസ്, ഓട്ടോ എന്നിവ ഒഴിവാക്കാനാവില്ല. യാത്ര ചെയ്തു കഴിഞ്ഞാൽ എന്തു ചെയ്യണം
ഇവയിൽ യാത്ര ചെയ്യുന്നവർ മേൽപറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുക. ചുമയ്ക്കുന്പോൾ മുഖം മറയ്ക്കാതിരിക്കുന്നവരോട് കർശനമായി മുഖം പൊത്തി ചുമയ്ക്കാൻ പറയുക. ബസ് യാത്രക്കിടെ പുറത്തേക്ക് തുപ്പുന്നവരെ കർശനമായി വിലക്കുക. പ്രശ്നമുണ്ടെങ്കിൽ വിവരം പോലീസിനെ അറിയിക്കുക.
യാത്ര കഴിഞ്ഞ് വാഹനത്തിൽ നിന്നിറങ്ങിയാൽ കൈകൾ സോപ്പിട്ട് കഴുകുക. ശരീരം വൃത്തിയാക്കുക. ഭക്ഷണം കഴിക്കും മുന്പ്് കൈകൾ നിർബന്ധമായും വൃത്തിയാക്കു. ബാഗിൽ ഒരു സാനിറ്റൈസർ കരുതിയാൽ നന്ന്.
(4) കോവിഡ് സ്ഥിരീകരിച്ചവരുമായി ഇടപഴകിയവർ
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്പോൾ
ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്താണ്
അവരെ മുറിക്ക് പുറത്തേക്കിറക്കരുത്. രോഗം കാര്യമായി ബാധിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ നിന്നെത്തിയവരെ 14 ഉം അല്ലാത്തവരെ 28 ദിവസവുമാണ് നിരീക്ഷിക്കുന്നത്. റിസ്ക് അസെസ്മെന്റ് വഴിയാണ് അത് നിർണയിക്കുക. ആരോഗ്യവകുപ്പ് അധികൃതരും വളണ്ടിയർമാരും നിരീക്ഷിച്ചുകൊണ്ടേയിരിക്കും.
നിരീക്ഷണത്തിൽ കഴിയുന്നവർ അറ്റാച്ച്ഡ് ബാത്ത് റൂം ഉള്ള മുറിയാണ് ഉപയോഗിക്കേണ്ടത്. ഒരു കാര്യത്തിനും അവർ ഈ ദിവസങ്ങളിൽ പുറത്തിറങ്ങരുത്. വീട്ടിലെ മറ്റംഗങ്ങളുമായി യാതൊരു സന്പർക്കവും പാടില്ല.
നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകുന്ന ജോലി വീട്ടിലെ ഏതെങ്കിലും ഒരംഗം സ്ഥിരമായി ഏറ്റെടുക്കുക. ഭക്ഷണമുണ്ടാക്കി മുറിയുടെ വാതിലിന് പുറത്തുവെച്ച് തട്ടിവിളിച്ച് ശേഷം മാറി നിൽക്കുക. മുഖം തൂവാല കൊണ്ടോ മാസ്ക് കൊണ്ടോ നിർബന്ധമായും മറച്ച ശേഷമേ ഭക്ഷണം കൊണ്ടുപോയി കൊടുക്കാൻ പാടുള്ളു.
ഭക്ഷണം എടുക്കാനായി വാതിൽതുറന്ന് പാത്രം എടുത്ത ഉടൻ വാതിലടക്കണം. ഭക്ഷണം കഴിച്ച ശേഷം നിരീക്ഷണത്തിൽ കഴിയുന്നവർ പ്ലേറ്റും പാത്രങ്ങളും കഴുകി വൃത്തിയാക്കിയിട്ടേ മുറിക്ക് പുറത്തേക്ക് വെച്ചുകൊടുക്കാവൂ.
സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് കഴുകിയശേഷമേ ഈ പാത്രങ്ങൾ മറ്റുള്ളവർ ഉപയോഗിക്കാൻ പാടുള്ളു. മുറിക്കുള്ളിൽ കഴിയുന്നവർക്ക് ടിവി കാണുന്നതിന് തടസമില്ല. പക്ഷേ മുറിക്കുള്ളിൽ ടിവി വേണം. മറ്റുള്ളവർക്കൊപ്പമിരുന്ന് ടിവി കാണാൻ പാടില്ല.