പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കോഴിവില കുത്തനെ ഇടിയുന്നു. വില കുറച്ചു വില്‍ക്കാനുള്ള മത്സരമാണ് കടകള്‍ തമ്മില്‍ നടക്കുന്നത്.
കഴിഞ്ഞ ദിവസം പലയിടത്തും കോഴിയുടെ വില കിലോയ്ക്ക് 19 രൂപ മാത്രമായിരുന്നു. നാല് മുട്ട വേണമെങ്കില്‍ 20 രൂപ കൊടുക്കണമെന്നിരിക്കെയാണ് കോഴിയുടെ വില കിലോയ്ക്ക് 19ല്‍ എത്തിയത്.
തൃശ്ശൂര്‍,കോട്ടയം ജില്ലകളില്‍ പലയിടത്തും ഇന്നലെ കോഴി വിറ്റത് 19 രൂപയ്ക്കായിരുന്നു. കിലോയ്ക്ക് 45 രൂപയായിരുന്നു ഇന്നലെ രാവിലെ കോഴിയുടെ വില.
എന്നാല്‍ കോഴിയെ വിറ്റൊഴിവാക്കാനായി കച്ചവടക്കാര്‍ മത്സരിച്ചതോടെ വില 19ലേക്ക് താഴുകയായിരുന്നു,
19 രൂപ വിലയുള്ള കോഴി 10 രൂപ കട്ടിംഗ് ചാര്‍ജ് സഹിതം വില്‍ക്കുന്ന കൗതുക്കാഴ്ചയ്ക്കും നാടു സാക്ഷിയായി. മിക്ക കോഴിക്കടകളിലും ഉച്ച കഴിഞ്ഞപ്പോള്‍ കച്ചവടം കഴിഞ്ഞു.
കോഴി വ്യാപാരികളും കോഴിക്കര്‍ഷകരും നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന അവസ്ഥയാണിപ്പോള്‍. 100നു മുകളില്‍ വിലയുണ്ടായിരുന്ന കോഴിയിറച്ചിയാണ് ഇപ്പോള്‍ ഇത്രയധികം താഴ്ന്ന വിലയ്ക്ക് വില്‍ക്കേണ്ടി വരുന്നത്.
കിലോ 35 രൂപ വിലവരുന്ന കോഴിത്തീറ്റ ദിവസം 200 ഗ്രാമെങ്കിലും ഒരു കോഴിക്കു നല്‍കണം. അതായത് ഏഴു രൂപ ഒരു കോഴിക്ക് ഒരു ദിവസം ചെലവു വരും.
അതിനാല്‍ കോഴികളെ എത്രയും വേഗം വിറ്റഴിച്ചു നഷ്ടം പരമാവധി ഒഴിവാക്കാന്‍ ഫാമുടമകള്‍ നടത്തുന്ന ശ്രമമാണു കോഴിക്കു വീണ്ടും വിലയിടിയാന്‍ കാരണം.
കര്‍ഷകന്‍ 50 രൂപ കൊടുത്താണു കോഴിക്കുഞ്ഞിനെ വാങ്ങിയിരുന്നത്. ഇപ്പോള്‍ ആ വിലയ്ക്കു ഒരു കിലോയിലേറെ കോഴിയിറച്ചി കിട്ടുമെന്നതാണു സ്ഥിതി.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ കോഴിയിറച്ചി വരുന്നത് തുടരുന്നത് കോഴിക്കര്‍ഷകരെ പ്രതികൂലമായി ബാധിക്കുകയാണ്.