പയ്യന്നൂർ: ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 13 രൂപയെന്ന സർക്കാർ ഉത്തരവ് ദിവസങ്ങൾ കഴിഞ്ഞിട്ടും നടപ്പായില്ല. ഉത്തരവ് നടപ്പായാലും വിലനിലവാരത്തിൽ കേരള സർക്കാരും കേന്ദ്ര സർക്കാരും രണ്ടു തട്ടുകളിലായിരിക്കുമെന്ന അവസ്ഥയുമുണ്ട്.
ഒരാഴ്ച മുമ്പാണ് കേരളത്തിൽ വിൽക്കുന്ന കുപ്പിവെള്ളത്തിന് 13 രൂപ മാത്രമേ വാങ്ങാവൂ എന്ന സർക്കാരിന്റെ ഉത്തരവിറങ്ങിയത്.
എന്നാൽ നിലവിൽ പരമാവധി വിൽപ്പന വിലയായി 20 രൂപ രേഖപ്പെടുത്തി വന്ന കുപ്പിവെള്ളം അതിലും വില കുറച്ച് വിൽക്കാനാവില്ല എന്ന നിലപാടിലാണ് കുപ്പിവെള്ളം സ്റ്റോക്ക് ചെയ്തിരിക്കുന്ന വ്യാപാരികൾ.
സ്റ്റോക്ക് തീരുന്നതുവരെ ഇത് വിൽപ്പന നടത്താൻ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. സർക്കാർ ഉത്തരവ് വന്നതോടെ ഉപഭോക്താക്കളും വ്യാപാരികളും തമ്മിൽ വാക്കേറ്റവും പതിവായിരിക്കുന്നു.
അതിനിടയിലും പുതിയതായി വരുന്ന കുപ്പികളിൽ ഇപ്പോഴും പഴയ വിലയായ 20 രൂപ തന്നെയാണ് പ്രിന്റ് ചെയ്ത് വരുന്നത്.സർക്കാർ ഉത്തരവ് അത്ര പെട്ടെന്ന് നടപ്പാകില്ല എന്ന സൂചനയാണ് ഇത് നൽകുന്നത്.
അതേസമയം വെള്ള കമ്പനിക്കാർ എട്ട് രൂപ നിരക്കിൽ വിൽപ്പനക്കാർക്ക് നൽകുന്ന കുപ്പിവെള്ളമാണ് വില കൂട്ടി വിൽക്കുന്നതെന്ന ആക്ഷേപവുമുണ്ട്.
സർക്കാർ ഉത്തരവിൽ ആശ്വസിച്ചിരുന്ന ജനങ്ങൾ ഉത്തരവ് എന്ന് നടപ്പാക്കുമെന്ന കാത്തിരിപ്പിലാണ്. അതേസമയം റെയിൽവേ സ്റ്റേഷനുകളിലെ സ്റ്റാളുകളിൽ റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം ലിറ്ററിന് 15 രൂപയാണ് കുപ്പിവെള്ളത്തിന്റെ വില.
ഇതിൽ മാറ്റം വരുത്താനുള്ള ഉത്തരവുകളൊന്നും പുറത്തിറങ്ങിയിട്ടുമില്ല.13 രൂപയ്ക്ക് വിൽക്കേണ്ട കുടിവെള്ളം വിപണിയിലെത്തിയാൽ പോലും ഇത്തരം ഉൽന്നങ്ങൾ റെയിൽവേയുടെ അനുമതിയില്ലാത്തതിനാൽ റെയിൽവേ സ്റ്റാളുകളിൽ വിൽക്കാനാവില്ല.