പത്തനാപുരം: മലയാളിയുടെ മാറിയ ജീവിതശൈലിയാണ് കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്ന് അര്‍ബുദ രോഗ ചികിത്സകന് ഡോ. വി പി ഗംഗാധരന് അഭിപ്രായപ്പെട്ടു.
കാന്‍സര്‍ രോഗികളെ അകറ്റി നിര്ത്തുന്നവരിന്നുമുണ്ട്. രോഗത്തെക്കുറിച്ചുള്ള അജ്ഞതയാണിതിന് പ്രധാന കാരണം. നിലവിലെ മലയാളിയുടെ ജീവിത സാഹചര്യത്തില്‍ ഏതൊരാള്‍ക്കും ഈ രോഗാവസ്ഥ വരാം.
ലഹരി ഉപയോഗവും വ്യായാമക്കുറവും മാത്രമല്ല, അന്തരീക്ഷത്തിലെ പുകപടലങ്ങളും മാനിന്യങ്ങളും മാംസ ഭക്ഷണവുമെല്ലാം കാന്‍സറിനെ ക്ഷണിച്ചുവരുത്തും. കാന്‍സര്‍ രോഗം ബാധിച്ച് മുക്തരാക്കപ്പെടുന്നവരില് മനുഷ്യത്വം വര്‍ധിച്ചതായി കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനാപുരം എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് യൂണിറ്റും, ജീവനം കാൻസർ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വെട്ടിത്തട്ട അപ്സര ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ കെ ബി ഗണേഷ്കുമാര് എം എല്‍ എ ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ എസ്.അനന്തരശ്മിയുടെ അധ്യക്ഷതയില്‍ നടന്ന സെമിനാറില്‍ ജീവനം ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സോമരാജന്,എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ രമ്യ എസ് ആർ, ജോജി മാത്യു ജോർജ് ,പി ജി സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.