വടക്കഞ്ചേരി: മലയോരമേഖലയായ പാലക്കുഴിയിൽ ഇന്നലെ രാവിലെയും ഒന്നരമണിക്കൂർ നീണ്ടുനിന്ന നല്ല മഴ പെയ്തു. കഴിഞ്ഞ നാലുദിവസമായി ഭേദപ്പെട്ട മഴയാണ് പാലക്കുഴി മലയിൽ ലഭിക്കുന്നത്.
ഇതുമൂലം ഉണക്കുഭീഷണിയിലായ കുരുമുളക് വള്ളികളെല്ലാം രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണ് മലയോര കർഷകർ.റബർ, വാഴ, തെങ്ങ് തുടങ്ങിയവയ്ക്ക് തുടർച്ചയായ വേനൽമഴ വലിയ അനുഗ്രഹമാകുന്നുണ്ട്.
മഴമൂലം പുല്ലുനിറയുന്നത് ക്ഷീരകർഷകർക്കും ഏറെ ആശ്വാസമാകും.ഇന്നലെ രാവിലെ മലയിലെ മഴമൂലം പാലക്കുഴിയിലെ തിണ്ടില്ലം വെള്ളച്ചാട്ടം ഏതാനും സമയം സജീവമായി.
ചുറ്റും ഉണങ്ങിനില്ക്കുന്നതിനിടയിലൂടെ ശക്തമായി വെള്ളം പാഞ്ഞെത്തിയത് കൗതുക കാഴ്ചയായിരുന്നെന്ന് വെള്ളച്ചാട്ടത്തിന് താഴെ തോട്ടമുള്ള പാറക്കൽ ബിജു പറഞ്ഞു.മുൻവർഷങ്ങളിൽനിന്നും വ്യത്യസ്തമായി ഈവർഷം അതിരാവിലെയാണ് വേനൽമഴ ലഭിക്കുന്നത്.
വനത്തിലും ശക്തമായ മഴ ലഭിച്ചതിനാൽ കാട്ടിൽ കുടിവെള്ളം ഉണ്ടാകുന്നത് മൃഗങ്ങൾ നാട്ടിലിറങ്ങുന്നതു കുറയുമെന്ന പ്രതീയിലാണ് കർഷകർ.പാലക്കുഴി വെള്ളം ഒഴുകിയെത്തി പാളയംപുഴയിലും ഇന്നലെ ചെറിയതോതിൽ ജലനിരപ്പ് ഉയർന്നു. മംഗലംഡാം മലയോരത്തും രണ്ടു മൂന്നു വേനൽമഴ ലഭിച്ചു.