ന്യൂഡൽഹി: കോവിഡ്-19 വൈറസ് ബാധ രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ ഇറ്റലിയിലെ വിമാനത്താവളത്തിൽ കുടുങ്ങിയവരെ സുരക്ഷിതമായി നാട്ടിൽ എത്തിക്കുന്നതിന് അടിയന്തര നടപടികളൊന്നുമില്ലാതെ കേന്ദ്ര സർക്കാർ.
വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്നു കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ രാജ്യസഭയിൽ പറഞ്ഞു.
വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നവർ ഭക്ഷണവും മറ്റ് സൗകര്യങ്ങളുമില്ലാതെ ദുരിതത്തിലാണെന്നു ചൂണ്ടിക്കാട്ടി എ.കെ. ആന്റണി, എളമരം കരീം, ജോസ് കെ. മാണി, ബിനോയ് വിശ്വം എന്നിവർ ഉന്നയിച്ച സബ്മിഷനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഇറ്റലിയിലുള്ള ഇന്ത്യാക്കാരെ കുറിച്ച് ആശങ്കയുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കോവിഡ് ബാധ ഇല്ലെന്നു സ്ഥിരീകരിക്കുന്നവരെ രാജ്യത്തെത്തിക്കാനാണ് ഇറ്റാലിയൻ അധികൃതർ അനുമതി നൽകിയിട്ടുള്ളത്.
ഈ സാഹചര്യത്തിൽ കാര്യങ്ങൾ പരിശോധിക്കുന്നതിനായി ഒരു മെഡിക്കൽ ടീമിനെ ഇറ്റലിയിലേക്ക് അയയ്ക്കുമെന്നു ജയശങ്കർ മറുപടി നൽകി. ഇക്കാര്യം ഇന്നലെ രാവിലെ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും മാധ്യമങ്ങളെ അറിയിച്ചിരുന്നു.
വൈറസ് ബാധ ഇല്ലാത്തവരെ തിരിച്ചു കൊണ്ടുവരും. മറ്റുള്ളവരെ അവിടെ തന്നെ ചികിത്സിക്കാൻ സംവിധാനമുണ്ടാക്കുമെന്നും മുരളീധരൻ പറഞ്ഞു.
ആരോഗ്യ രംഗത്ത് യുദ്ധസമാനമായ സാഹചര്യമാണുള്ളത്. വൈറസ് ബാധ ഉള്ളവരെയും ഇല്ലാത്തവരെയും ഒരേ വിമാനത്തിൽ കൊണ്ടുവരുന്നത് പ്രായോഗികമല്ല. ഇത് കൂടുതൽ പേരിലേക്ക് രോഗം പടരാൻ ഇടയാകുമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
ഇറ്റലിയിലെ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന നൂറിലേറെ ഇന്ത്യാക്കാരെ നാട്ടിൽ മടക്കിയെത്തിക്കാൻ സർക്കാർ ഇടപെടണമെന്നും എ.കെ. ആന്റണി ആവശ്യപ്പെട്ടു.
സഹായമോ ഭക്ഷണമോ ലഭിക്കാതെ കഷ്ടപ്പെടുകയാണവർ. ഇതിൽ ഇരുപതിലേറെ പേർ മലയാളികളാണ്. നാട്ടിലുള്ള ഇവരുടെ ബന്ധുക്കളും ഭീതിയിലാണ്.
എല്ലാവരെയും നാട്ടിലെത്തിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആന്റണിയും എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ. മാണി എന്നിവരും ആവശ്യപ്പെട്ടു.
ആറായിരത്തിലധികം ഇന്ത്യക്കാരാണ് ഇറാനിലുള്ളതെന്ന് വിദേശകാര്യ മന്ത്രി ജയശങ്കർ രാജ്യസഭയിൽ അറിയിച്ചു.
അതിൽ 1100 തീർഥാടകരും മുന്നൂറോളം വിദ്യാർഥികളും കേരളത്തിലേത് അടക്കമുള്ള സംസ്ഥാനങ്ങളിലെ ആയിരത്തോളം മത്സ്യത്തൊഴിലാളികളുമുണ്ട്.
ഇവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. ഇവർ കുടുങ്ങിക്കിടക്കുന്ന മേഖലകളിൽ കൊറോണ തീവ്രമായി ബാധിച്ചിട്ടില്ലെന്നാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.