തിരുവനന്തപുരം: രോഗം റിപ്പോർട്ട് ചെയ്യാത്തവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വിദേശത്തുനിന്നു തിരിച്ചുവരുന്നവർ കൃത്യമായ വിവരങ്ങൾ നൽകണമെന്നും ആരോഗ്യവകുപ്പിനെ കാര്യങ്ങൾ അറിയിക്കണമെന്നും ശൈലജ പറഞ്ഞു.
നാട്ടിലെത്തുന്ന പ്രവാസികളെ സർക്കാർ ശത്രുക്കളായല്ല കാണുന്നത്. തിരിച്ചുവരുന്നവർ കൃത്യമായ വിവരങ്ങൾ നൽകണം. ആരോഗ്യവകുപ്പിനെ കാര്യങ്ങൾ അറിയിക്കണം.
കോവിഡ്-19നെ മഹാമാരിയായി പ്രഖ്യാപിച്ചതിന്റെ ഗൗരവം മലയാളികൾ ഉൾക്കൊള്ളണം. വളരെ നേരത്തേ മുൻകരുതലുകൾ എടുത്തതു ഗുണകരമായി- ആരോഗ്യമന്ത്രി പറഞ്ഞു.
പരിശോധനാഫലങ്ങൾ നെഗറ്റീവാകുന്നത് ആശ്വാസകരമാണ്. എന്നാൽ വിശ്രമിക്കാറായിട്ടില്ല. നിർദേശങ്ങൾ പൂർണമായി പാലിക്കുന്നതിന് മതമേലധ്യക്ഷൻമാർക്ക് നന്ദിയുണ്ടെന്നും കെ.കെ. ശൈലജ കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് നിലവിൽ 14 പേർക്കാണ് കോവിഡ്-19 രോഗം സ്ഥിരീകരിച്ചത്. 110 രാജ്യങ്ങളിൽ കോവിഡ്-19 രോഗം പടർന്നുപിടിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3313 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 3020 പേർ വീടുകളിലും 293 പേർ ആശുപത്രികളിലുമാണുള്ളത്.
സംശയാസ്പദമായവരുടെ 1179 സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 889 സാന്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. 213 സാന്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. നിലവിൽ സംസ്ഥാനത്ത് കോവിഡ്-19 രോഗം ബാധിച്ച 14 പേരാണുള്ളത്. വ്യാഴാഴ്ച പുതിയ പോസിറ്റീവ് കേസുകൾ വന്നിട്ടില്ല.
കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള 85 വയസിനു മുകളിൽ പ്രായമുള്ള രണ്ടുപേർ ഹൈ റിസ്കിലുള്ളവരാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മറ്റുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി പറഞ്ഞു.