പത്തനംതിട്ട: കൊറോണ രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്ന നൂറുകണക്കിന് ആളുകള്‍ ജില്ലയില്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. സ്വന്തം വീട്ടിലാണെങ്കിലും ഉറ്റവരുടെ സാമീപ്യമില്ലാതെയും പുറംലോകം കാണാതെയും 28 ദിവസങ്ങള്‍.
അവര്‍ ഈ ഏകാന്തത അനുഭവിക്കുന്നത് അവരുടെ വീട്ടുകാര്‍ക്ക് വേണ്ടി മാത്രമല്ല. മുഴുവന്‍ സമൂഹത്തിനും വേണ്ടിയാണ്. അതിനാല്‍ അവര്‍ക്ക് എല്ലാ പിന്തുണയും നല്കാന് നമുക്ക് ബാധ്യതയുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജ.
വൈദ്യസഹായത്തിന് പുറമേ ഭക്ഷണസാധനങ്ങള്‍, അവശ്യവസ്തുക്കള്‍, വെള്ളം, കുഞ്ഞുങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉണ്ടാകും. ഇത് അവര്‍ക്ക് ലഭ്യമാക്കുന്നതിന് തദ്ദേശഭര ണ സ്ഥാപനങ്ങളോടൊപ്പം എല്ലാവരും കൈകോര്‍ക്കണം.
കുടുംബശ്രീ, സന്നദ്ധസംഘടനകള്‍, സാമൂഹിക പ്രസ്ഥാനങ്ങള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇതില്‍ പങ്കാളികളാകാമെന്നും ഡിഎംഒ പറഞ്ഞു.
പരിശോധനാഫലങ്ങള്‍ നിരീക്ഷിച്ച് ആരോഗ്യവകുപ്പ്
പത്തനംതിട്ട: കോവിഡ് 19 ബാധിതരുമായി നേരിട്ട് ബന്ധപ്പെട്ടയാളുകളുടെ പരിശോധനാഫലങ്ങളിലാണ് പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ ആരോഗ്യവകുപ്പിന്റെ കണ്ണ്.
ഓരോ മണിക്കൂറിലും പരിശോധനാഫലങ്ങള്‍ വരുന്നതും കാത്തിരിക്കുകയാണ് കണ്ട്രോള് റൂമുകള്‍. ഇന്നലെ ആരോഗ്യവകുപ്പിനും ജില്ലാ ഭരണകൂടങ്ങള്‍ക്കും ആശ്വാസം പകര്‍ന്ന ദിനമായിരുന്നു.
കോവിഡ് 19 സ്ഥിരീകരിച്ച റാന്നി ഐത്തല സ്വദേശികളുമായി നേരിട്ട് ബന്ധമുള്ളവരുടെ ഉള്‍പ്പെടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവായെന്നത് നേട്ടമായി. ഇന്നും ഇത്തരക്കാരുടെ ഫലങ്ങള്‍ പത്തനംതിട്ടയിലും കോട്ടയത്തും പുറത്തുവരാനുണ്ട്.
റാന്നി ഐത്തല സ്വദേശികളുടെ വീട്ടിലെത്തിയ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്റെ പരിശോധനാഫലം ഇന്നലെ തിരുവനന്തപുരത്ത് പുറത്തുവന്നു. ഇതു നെഗറ്റീവായതോടെ പോലീസ് വകുപ്പുതന്നെ ആശ്വാസത്തിലായി.
ഐത്തല സ്വദേശികളുടെ പേരക്കുട്ടിയുടെ പരിശോധനാഫലം കോട്ടയത്തും നെഗറ്റീവായി. തൊട്ടുപിന്നാലെ ഇവരുടെ വീടുമായി നേരിട്ട് ബന്ധപ്പെട്ടിരുന്ന പത്ത് പേരുടെ പരിശോധനാഫലം പത്തനംതിട്ടയിലും നെഗറ്റീവായി.
പുനലൂര്‍ മണിയാറില്‍ ഇറ്റലി കുടുംബം എത്തി നാലുമണിക്കൂര്‍ ചെലവഴിച്ച ബന്ധുക്കളുടെ പരിശോധനാഫലം കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജിലും നെഗറ്റീവായി.
ഇത്തരത്തില്‍ ഫലം നെഗറ്റീവ് ആകുമ്പോള്‍ ആരോഗ്യവകുപ്പിന് നേരിയ ആശ്വാസമുണ്ട്. രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടതായി പറയുന്നവരുടെ ഫലം നെഗറ്റീവാകുന്നതോടെ രണ്ടാംഘട്ടത്തില്‍ ഇവരുമായി ബന്ധമുള്ളതായി കണ്ടെത്തി പട്ടികയില്‍ ഉള്‍പ്പെട്ടവരെ പരിശോധനകള്‍ക്കു വിധേയമാക്കേണ്ടതില്ലെന്ന ആശ്വാസമുണ്ട്.
സംസ്ഥാനത്ത് നിലവില്‍ കൊറോണ സ്ഥിരീകരിച്ച 14 പേരില്‍ 11 പേരും റാന്നി ഐത്തല സ്വദേശികളായ കുടുംബവും അവരുമായി ബന്ധമുള്ളവരുമാണ്.