സ്വന്തം ലേഖകൻ
ഗുരുവായൂർ: ക്ഷേത്രനടയിലൂടെ വാഹനങ്ങൾ കടന്നുപോകാൻ പാടില്ലെന്ന നിയമം ലംഘിച്ച് ഗുരുവായൂർ ദേവസ്വത്തിന്റെ വാഹനങ്ങൾ കിഴക്കേനടയിലെ ദീപസ്തംഭത്തിനു മുന്നിലൂടെ ഭക്തർക്കിടയിലൂടെ കടന്നുപോകുന്നത് പതിവാകുന്നു.
ഗുരുവായൂരിൽ ഏറ്റവും തിരക്കേറിയ കിഴക്കേനടയിലെ ദീപസ്തംഭത്തിനരികെ തൊഴാൻ നിൽക്കുന്ന ഭക്തർക്ക് ഭീഷണിയുയർത്തിയാണ് അധികാരികളുടെ ഈ വാഹനയാത്ര.
ക്ഷേത്രനടയിൽ കിഴക്കേ ഗോപുരവാതിലിന് തൊട്ടരികിലൂടെ ദേവസ്വം വാഹനങ്ങൾ നിയമം ലംഘിക്കുന്നതു പതിവായിട്ടും അതിനെതിരെ നടപടിയെടുക്കാനും ആരുമില്ലെന്നതു ഭക്തർക്കിടയിൽ പ്രതിഷേധമുയർത്തിയിട്ടുണ്ട്.
ക്ഷേത്രത്തിനുള്ളിൽ പോകാൻ കഴിയാത്തവർ പുറത്ത് ദീപസ്തംഭത്തിന് മുന്നിൽ നിന്നാണ് ദർശനം നടത്താറുള്ളത്. ഈ വഴിക്കാണ് ഇപ്പോൾ ദേവസ്വം വാഹനങ്ങളുടെ വരവും പോക്കും.
വിവിഐപികൾ ദർശനത്തിന് എത്തുന്പോൾപോലും വാഹനം തെക്കേനടവരെയെ വരാറുണ്ടായിരുന്നുള്ളു. അടുത്ത കാലംമുതലാണുദേവസ്വം വാഹനങ്ങൾ മാനദണ്ഡങ്ങൾ ലംഘിച്ച് ഭക്തർക്കിടയിലൂടെ പോകുന്നത്.
കലാകാരന്മാരെ വേദിയിലേക്കെത്തിക്കുന്നതിന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനരികൽ വരെ വാഹനങ്ങൾ വരാറുണ്ടെങ്കിലും അത് തെക്കേനടയിൽ നിന്ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലേക്ക് തിരിഞ്ഞ് പ്രവേശിക്കാറാണു പതിവ്.
പ്രധാനമന്ത്രി നരേന്ദ്രമോദി ദർശനത്തിനെത്തിയപ്പോൾ അദ്ദേഹം ക്ഷേത്രനടയിലേക്ക് വാഹനം ഉപയോഗിക്കാതെ നടന്നാണ് ദർശനം നടത്തിയത്.
ദേവസ്വം വാഹനങ്ങളുടെ കിഴക്കേഗോപുരത്തിലൂടെയുള്ള യാത്ര കർശനമായും തടയണമെന്ന ആവശ്യം ഭക്തർ ഉയർത്തുന്നുണ്ട്.