തൃശൂർ: കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ നാടെങ്ങും പൊതുപരിപാടികളും ആഘോഷങ്ങളും സമ്മേളനങ്ങളും മാറ്റിവെച്ചതിനിടെ കോവിഡ് 19 ആദ്യം സ്ഥിരീകരിച്ച തൃശൂരിൽ സിഐടിയുവിന്റെ യോഗം. നഗരമധ്യത്തിലുള്ള സാഹിത്യ അക്കാദമി ഹാളിലാണ് സമ്മേളനം നടന്നത്.
കോവിഡ് 19 ജാഗ്രത പാലിക്കണമെന്ന് സർക്കാർ കർശന ഉത്തരവിട്ടിട്ടും സിഐടിയു യോഗം നടക്കുന്നത് കടുത്ത പ്രതിഷേധമുയർത്തി. തുടർന്ന് യോഗം നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.
എന്നാൽ എല്ലാ സുരക്ഷ മുൻകരുതലുകളും എടുത്താണ് യോഗം നടക്കുന്നതെന്ന് സിഐടിയു ഭാരവാഹികൾ പ്രതികരിച്ചിരുന്നു.
സമ്മേളനത്തിനെത്തുന്നവർക്ക് കൈകൾ അണുവിമുക്തമാക്കാനായി ഹാളിന് മുന്നിലെ രജിസ്ട്രേഷൻ കൗണ്ടറിൽ സാനിറ്റൈസറും മറ്റും സജ്ജമാക്കിയിരുന്നു. കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷമാണ് സമ്മേളനത്തിനെത്തയവർ ഹാളിലേക്ക് കടന്നത്.
കൂടാതെ യോഗവേദിയിൽ ആരോഗ്യവിദഗ്ധരുണ്ടെന്നും സിഐടിയു വക്താക്കൾ പറഞ്ഞു. മന്ത്രിമാർ പോലും നേരത്തെ നിശ്ചയിച്ച പരിപാടികൾ റദ്ദാക്കിക്കൊണ്ടിരിക്കുന്പോഴാണ് സിഐടിയു സമ്മേളനം തൃശൂരിൽ നടത്തിയത്.
കല്യാണത്തിനും മറ്റാവശ്യങ്ങൾക്കും ഓഡിറ്റോറിയങ്ങൾ ബുക്ക് ചെയ്തവരോട് തൽക്കാലം പരിപാടികൾക്ക് ഹാൾ നൽകാനാകില്ലെന്ന് ഓഡിറ്റോറിയം നടത്തിപ്പുകാർ തന്നെ ജില്ലയിൽ പലയിടത്തും വിളിച്ചറിയിക്കുന്നുണ്ട്.
പലരും ബുക്ക് ചെയ്ത ഹാളുകൾ കാൻസൽ ചെയ്തിട്ടുമുണ്ട്. 31 വരെ സർക്കാർ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചിരിക്കുകയാണ്. എങ്ങും കനത്ത സുരക്ഷ ക്രമീകരണങ്ങൾ നടപ്പാക്കുന്പോഴാണ് സിഐടിയു സമ്മേളനം നടത്തുന്നതെന്നത് പരക്കെ പ്രതിഷേധമുയർന്നു.
ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. സിഐടിയുവിന് എന്തുമാകാമെന്നതാണ് തൃശൂരിലെ യോഗം കാണിച്ചു തരുന്നതെന്നും, ഇത്രയേറെ പേർ രോഗഭീതിയിൽ കഴിയുന്പോൾ എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും ലംഘിച്ച് നൂറിലേറെപേരെ വച്ച് യോഗം നടത്തിയത് തങ്ങൾക്ക് ഇതൊന്നും ബാധകമല്ലെന്നും എന്തുമാകാമെന്നുമുള്ള ചിന്തയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.