കണ്ണൂര്: വാരം കടാങ്കോട് പ്രവാസിയുടെ അടച്ചിട്ട വീടിന്റെ ജനൽ മുറിച്ചുമാറ്റി വൻ കവർച്ച നടത്തിയത് പ്രഫഷണൽ സംഘമാണെന്നു സൂചന.
കടാങ്കോട് റോഡിൽ ശാസ്താംകോട്ടം അന്പലത്തിനു സമീപത്തെ സുനാനന്ദിന്റെ വിസ്മയാസ് എന്ന വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം 64 പവനോളം സ്വർണവും ഓരോ ലക്ഷം രൂപ വിലവരുന്ന മൂന്ന് റോളക്സ് വാച്ചുകളും അന്പതിനായിരം രൂപയും കവർന്നത്.
സ്വർണമുൾപ്പെടെ 20.83 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.
സമാനമായ രീതിയിലുള്ള കവർച്ച ചക്കരക്കൽ സ്റ്റേഷൻ പരിധിയിലേയും ധർമടം സ്റ്റേഷൻ പരിധിയിലേയും രണ്ടു വീതം വീടുകളിലും നടന്നിരുന്നു. ഇതേ സംഘമാണ് കടാങ്കോട്ടെ സുനാനന്ദിന്റെ വീട്ടിലും കവർച്ച നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കെഎസ്ഇബി ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന രീതിയിലുള്ള പ്രത്യേക ഇരുന്പ് കട്ടർ ഉപയോഗിച്ച് ജനലിന്റെ ഇരുന്പൈ ചട്ടത്തിലേക്ക് കടത്തുന്ന ദ്വാരത്തിന്റെ ഭാഗം കട്ടു ചെയ്തു അകത്തു കടന്നാണ് ഈ സംഘം കവർച്ച നടത്തുന്നത്.
കണ്ണൂരിലടക്കമുള്ള സംഘമാണ് കവർച്ചയ്ക്കു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. കവർച്ച നടത്തിയ സ്ഥലത്തുനിന്നും കുറച്ച് വിരലടയാളങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
കവർച്ച ചെയ്തതു കൂടാതെ 70 പവൻ സ്വർണാഭാരണവും ഒരു ലക്ഷം രൂപയും വീട്ടിലുണ്ടായിരുന്നു. എന്നാൽ കവർച്ചാ സംഘത്തിന്റെ കണ്ണിൽ ഇതു പെട്ടിരുന്നില്ല. ഇക്കഴിഞ്ഞ ജനവരിയിൽ ഷാർജയിലുള്ള സുനാനന്ദനും കുടുംബവും നാട്ടിൽ വന്നു പോയിരുന്നു.
ബുധനാഴ്ച രാവിലെ ഒൻപതോടെ ഇവരുടെ ബന്ധുവായ സ്ത്രീ വീട്ടിലെ ചെടികൾ നനയ്ക്കാനായി എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണവും വാച്ചുകളും പണവുമാണ് കവർന്നത്. കിടപ്പുമുറിയിലെ അലമാരയുൾപ്പെടെ വീട്ടിലെ സാധനസാമഗ്രികൾ പലതും വാരിവലിച്ചിട്ട നിലയിലായിരുന്നു.
ചക്കരക്കൽ പോലീസ് കേസെടുത്ത സംഭവത്തിൽ കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.