കോഴിക്കോട്: കാല്‍നടയാത്രക്കാരെ ഭീഷണിപ്പെടുത്തി ഫുട്പാത്ത് കൈയടക്കുന്ന വാഹനങ്ങള്‍ക്ക് വിലങ്ങുമായി നഗരസഭ. മാവൂര്‍റോഡിലെ നടപ്പാതയിലാണ് വിവിധ ഭാഗത്ത് നിരയായി കുറ്റികള്‍ സ്ഥാപിച്ചത്.
മാവൂര്‍ റോഡില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തും നന്തിലത്ത് ജംഗ്ഷനിലും ഗതാഗത തടസമുണ്ടാവുമ്പോള്‍ ബൈക്ക് ഉള്‍പ്പെടെ ചെറുവാഹനങ്ങള്‍ നടപ്പാതയിലൂടെ കടന്നുപോവുന്നത് പതിവായിരുന്നു. ഇത് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയായിരുന്നു.
നിരവധി തവണ കാല്‍നടയാത്രക്കാരും ബൈക്ക് യാത്രികരുമായി ഇക്കാര്യത്തില്‍ തര്‍ക്കവും ഉണ്ടായിട്ടുണ്ട്. ഈ സ്ഥിതി തുടരുന്ന സാഹചര്യത്തിലാണ് നടപ്പാത നവീകരണത്തിനൊപ്പം വാഹനങ്ങളുടെ കൈയേറ്റവും നിയന്ത്രിക്കാന്‍ കുറ്റികള്‍ സ്ഥാപിച്ച് ശാശ്വത നടപടി സ്വീകരിച്ചത്.
നടപ്പാതയുടെ വടക്കു ഭാഗത്തെ കുറ്റി സ്ഥാപിക്കല്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. മറുവശത്തെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്നാണ് വിവരം. അന്തര്‍ദേശീയ തലത്തിലെ രൂപകല്പന പ്രകാരമാണ് വാഹനങ്ങള്‍ കയറാതിരിക്കാന്‍ നടപ്പാതയില്‍ കുറ്റികള്‍ സ്ഥാപിച്ചിട്ടുള്ളത്.
പ്രധാന പട്ടണങ്ങളുടെ മാതൃക പിന്തുടർന്നാണ് പദ്ധതി നടപ്പാക്കുന്നത്. അതേസമയം ഫുട്പാത്ത് നവീകരണത്തിനെതിരേ ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.
ചെറിയൊരു മഴക്കുപോലും വെളളം ഉയര്‍ന്നുപൊങ്ങുന്ന ഇടമാണ് മാവൂര്‍ റോഡ്. അതിനാല്‍ തന്നെ ഇരുവശത്തേയും ഓടകള്‍ വീതിയും ആഴവും കൂട്ടി നവീകരിക്കണമെന്നായിരുന്നു ആവശ്യം.
എന്നാല്‍ ഓടയുടെ ഉള്‍വ്യാസം വര്‍ധിപ്പിക്കാതെ കോണ്‍ക്രീറ്റ് ചെയ്ത് മേല്‍ഭാഗത്ത് ഇന്റർലോക്ക് കട്ടകള്‍ വിരിക്കുകയാണുണ്ടായതെന്നാണ് ഇവര്‍ പറയുന്നത്.