കൽപ്പറ്റ: കൊറോണ വൈറസ് ഭീതി വയനാട്ടിൽ ടൂറിസം മേഖലയെ തളർത്തുന്നു. വനം-വന്യജീവി വകുപ്പിനു കീഴിൽ മുത്തങ്ങയിലും തോൽപ്പെട്ടിയിലുമുള്ള പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു.
വൈദ്യുതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ബാണാസുര സാഗർ വിനോദസഞ്ചാര കേന്ദ്രം, ജലവിഭവ വകുപ്പിനു കീഴിയുള്ള കാരാപ്പുഴ വിനോദസഞ്ചാര കേന്ദ്രം എന്നിവിടങ്ങളിൽ സഞ്ചാരികളുടെ തിരക്കൊഴിഞ്ഞു.
ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലിന്റെ നിയന്ത്രണത്തിലുള്ള മുഴുവൻ വിനോദസഞ്ചാരകേന്ദ്രങ്ങളും മാന്ദ്യം പ്രകടമാണ്. പൂക്കോട് തടാകം, എടക്കൽ ഗുഹ, അന്പലവയൽ പൈതൃക മ്യൂസിയം, മാനന്തവാടി പഴശി പാർക്ക്, കാന്തൻപാറ വെള്ളച്ചാട്ടം, പുൽപ്പള്ളി മാവിലാംതോട് പഴശി സ്മാരകം, കുറുവ ദ്വീപിന്റെ പാൽവെളിച്ചം ഭാഗം എന്നിവിടങ്ങളിലാണ് ഡിടിപിസിയുടെ നേതൃത്വത്തിൽ ടൂറിസം.
ജില്ലയിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ മുൻ ദിവസങ്ങളെ അപേക്ഷിച്ച് 70 ശതമാനത്തിലധികം കുറവാണ് ഇന്നലെ കണക്കാക്കിയത്.
പൂക്കോട് തടാകത്തിൽ 3,391 സന്ദർശകരാണ് മാർച്ച് എട്ടിനു എത്തിയത്. ഇത് ഒന്പതിനു 724 ആയും 10നു 541 ആയും കുറഞ്ഞു. ഇന്നലെ വൈകുന്നേരം നാലു വരെ 305 പേരാണ് പൂക്കോട് എത്തിയത്.
എടക്കൽ ഗുഹ ഒന്പതിനു 700-ഉം പേരാണ് സന്ദർശിച്ചത്. ഇത് 10നു 265 ആയി കുറഞ്ഞു. ഇന്നലെ വൈകുന്നരം നാലു വരെ 200 പേരാണ് സന്ദർശനം നടത്തിയത്.
ജില്ലയിൽ ഡിടിപിസിക്കു കീഴിലുള്ളതിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന കേന്ദ്രങ്ങളാണ് പൂക്കോടും എടക്കലും. പൂക്കോട് തടാകത്തിൽ ഇന്നലെ എത്തിയതിൽ നൂറോളം പേർ ഇതര സംസ്ഥാനക്കാരാണെന്നു മാനേജർ എം.എസ്. ദിനേശ് പറഞ്ഞു.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിൽനിന്നു നാമമാത്ര സഞ്ചാരികളാണ് എത്തിയത്. ജില്ലയിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സർവീസ്ഡ് വില്ലകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പേരിനു മാത്രമാണ് അതിഥികൾ.
സന്ദർശകരുടെ വരവ് കുറഞ്ഞത് ഉപജീവനത്തിനു ടൂറിസം കേന്ദ്രങ്ങളിൽ സ്ഥാപനങ്ങൾ നടത്തുന്നവരെയും ഗതികേടിലാക്കി. മാനന്തവാടിയും കൽപ്പറ്റയും ബത്തേരിയും ഉൾപ്പെടെ ജില്ലയിലെ പ്രധാന നഗരങ്ങളിൽ ഇന്നലെ സായാഹ്നത്തിൽപോലും ആൾത്തിരക്ക് അനുഭവപ്പെട്ടില്ല.
ജില്ലയിലേക്കും പുറത്തേക്കുമുള്ള ബസുകളിൽ യാത്രക്കാർ കുറവായിരുന്നു. ഈയാഴ്ചയിൽ നിശ്ചയിച്ചിരുന്ന പൊതുപരിപാടികളെല്ലാംതന്നെ മാറ്റിവച്ചിരിക്കയാണ്. ജില്ലയിൽ സിനിമാശാലകളും അടഞ്ഞുകിടക്കുകയാണ്.