തൃശൂർ: ചൈനയിലെ വുഹാൻ സർവകലാശാലയുടെ പടികൾ കയറാൻ ഇനി നാളുകൾ എടുത്തേക്കാം. എങ്കിലും ജൂണ് അവസാനവാരം നടക്കുമെന്നു പ്രതീക്ഷിക്കുന്ന മൂന്നാം വർഷ എംബിബിഎസ് പരീക്ഷയുടെ ഒരുക്കത്തിലാണ് ഈ പെണ്കുട്ടി.
ഇവൾ, കൊറോണ രോഗഭീതിയെ വകഞ്ഞുമാറ്റി ജീവിതവഴികളിലേക്കു തിരിഞ്ഞുനടന്ന തൃശൂരുകാരി. ലോകത്ത് ആശങ്ക വിതയ്ക്കുന്ന കോവിഡ്-19നെ പുഞ്ചിരിയോടെ അതിജീവിച്ചവൾ.
“ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചിട്ടയോടെ കഴിഞ്ഞ 22 നാളുകളെക്കുറിച്ചോ അവിടത്തെ അനുഭവങ്ങളെക്കുറിച്ചd ലേഖനങ്ങളോ പുസ്തകമോ രചിക്കാനില്ല. എല്ലാം തുറന്ന പുസ്തകമാണ്’- പെണ്കുട്ടി ദീപികയോടു മനസു തുറന്നു.
നിർദേശം പാലിച്ചു
ന്ധരോഗം സ്ഥിരീകരിച്ച ശേഷവും കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായില്ല. അഞ്ചു ദിവസത്തിനകം പനിയും തൊണ്ടവേദനയും മാറി. ആരോഗ്യവകുപ്പിന്റെ മാർഗനിർദേശങ്ങൾ അതേപടി പാലിച്ചതാണു ഗുണകരമായത്. ജനുവരി 24 വരെ വുഹാനിലുണ്ടായിരുന്നു. വൈറസ് ബാധ പടരുന്നുണ്ടെന്നറിഞ്ഞെങ്കിലും ഞാൻ ഹോസ്റ്റലിൽ തന്നെയായിരുന്നു. അവിടെ ഡോക്ടർമാരെത്തി ഞങ്ങളെ പരിശോധിച്ചിരുന്നു.
അവധിക്കു നാട്ടിലേക്കു വരേണ്ടെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്നു എങ്കിലും പിന്നീടു പോരാൻ തീരുമാനിക്കുകയായിരുന്നു. ആരോഗ്യവകുപ്പിന്റെ നിർദേശം അനുസരിച്ചു നാട്ടിലെത്തിയ അന്നുതന്നെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു.
വീട്ടിൽത്തന്നെ കഴിഞ്ഞു. 27നു തൊണ്ടവേദനയും ജലദോഷവും തുടങ്ങിയപ്പോൾ ആ വിവരവും അറിയിച്ചു. തുടർന്ന് ജനറൽ ആശുപത്രിയിൽനിന്ന് ആംബുലൻസ് വന്നു കൊണ്ടുപോയി.
സിനിമകൾ കണ്ടു
രോഗലക്ഷണങ്ങൾ ആദ്യ രണ്ടു മൂന്നു ദിവസംകൊണ്ടുതന്നെ മാറി. അതിനു ശേഷമാണ് വൈറസ് ബാധ സ്ഥിരീകരിച്ച ഫലം ലഭിച്ചത്. എന്നിലൂടെ മറ്റുള്ളവർക്ക് അസുഖം പടർന്നിട്ടുണ്ടോ എന്നു മാത്രമായിരുന്നു ആശങ്ക. ഞാൻ എങ്ങനെ പ്രതികരിക്കുമെന്നു ചിന്തിച്ചിട്ടാകണം നാലു ഡോക്ടർമാർ ഒന്നിച്ചു വന്നാണ് രോഗവിവരം പറഞ്ഞത്.
ഐസൊലേഷൻ വാർഡിൽ വൈഫൈ സംവിധാനമുണ്ടായിരുന്നു. സുഹൃത്തുക്കളുമായും സഹപാഠികളുമായും ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞു. പിന്നീട് ഫോണിൽ ഒരുപാട് സിനിമകൾ കണ്ടു. ഇഷ്ടമുള്ള ഭക്ഷണവും കിട്ടുമായിരുന്നു.
മന്ത്രി കാണാനെത്തി
ഇതിനിടെ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ സന്ദർശിച്ചു. പേടിക്കേണ്ട എന്നു മന്ത്രി പറഞ്ഞതു വലിയ ആശ്വാസമായി. പിന്നീട് ഡോക്ടർമാരും മറ്റുമായി നല്ല സൗഹൃദത്തിലായി.
ചൈനയിൽനിന്ന് അധ്യാപകർ ഓണ്ലൈനായി ക്ലാസെടുത്തു തുടങ്ങിയപ്പോൾ അതിലായി ശ്രദ്ധ. ശരിക്കും ക്ലാസ് മുറിയിൽ ഇരിക്കുന്ന അനുഭവമായിരുന്നു, ഐസൊലേഷൻ വാർഡായിരുന്നെങ്കിലും അപ്പോൾ.
ചൈനയിലെ മരണങ്ങളുടെ വാർത്ത അറിയാമായിരുന്നതിനാൽ വരുന്നതു കഠിനമായ അനുഭവങ്ങളുടെ ദിവസങ്ങളാണെന്നു മനസിലായി.പക്ഷേ, ആശുപത്രി ജീവനക്കാരും ബന്ധുക്കളും നൽകിയ പിന്തുണയാണ് മനക്കരുത്തു വർധിപ്പിച്ചത്.
ഇതിനിടെ നിരവധി ടെസ്റ്റുകൾ നടക്കുന്നുണ്ടായിരുന്നു. രണ്ടു ഫലവും നെഗറ്റീവായപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് എന്റെയൊപ്പം വാർഡിലുണ്ടായിരുന്ന ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരുമാണ്.
വീട്ടിലേക്ക്
ഫെബ്രുവരി പകുതിക്കു ശേഷം വീട്ടിലേക്കു തിരിച്ചെത്തി. പിന്നീടു നിരീക്ഷണത്തിൽതന്നെയായിരുന്നു. മാർച്ച് ഒന്നിനു നിരീക്ഷണ കാലാവധിയും അവസാനിച്ചു.നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങൾ കൊറോണയെ അതിജീവിക്കുമെന്ന് ഉറപ്പാണ്.
നിർദേശം പാലിക്കണം
ആരോഗ്യരംഗത്തു നിലവിലുള്ള എല്ലാ നിർദേശങ്ങളും നമ്മൾ പാലിക്കണം. നമ്മുടെ ചെറിയ വീഴ്ച പോലും പിന്നീടു വലിയ ദുരിതത്തിലേക്കു വഴിമാറിയേക്കാം.
സ്വന്തം ജീവനുള്ള ഭീഷണിപോലും വകവയ്ക്കാതെയാണ് ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരുമെല്ലാം നിലയുറപ്പിച്ചിട്ടുള്ളത്. ഇവരുടെ ആത്മാർഥതയ്ക്കൊപ്പം നമ്മളും നിലകൊള്ളണം.
എന്റെ കാര്യത്തിൽ ഇപ്പോൾ എല്ലാം ശാന്തം, അതീവ സന്തോഷം, ആശ്വാസം’- വലിയൊരു നേട്ടം നിസാരമായി കൈപ്പിടിയിലൊതുക്കിയ ഭാവത്തോടെ വിദ്യാർഥിനി പറഞ്ഞുനിർത്തി. അവൾ ഇനി എംബിബിഎസ് പരീക്ഷയുടെ തിരക്കുകളിലേക്കു മുഴുകുകയാണ്. പരീക്ഷണം കഴിഞ്ഞുള്ള പരീക്ഷയിൽ ഉന്നത വിജയം നേടാൻ അവൾക്കാകട്ടെ.
എം.വി. വസന്ത്