ഗാന്ധിനഗർ: കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിന്റെ പിതാവ് മരിച്ചു. കുമരകം ചെങ്ങളം സ്വദേശി ശശീന്ദ്രൻ (64) ആണ് മരിച്ചത്.
ഇറ്റലിയിൽ നിന്ന് വന്ന കുടുംബത്തെ കാറിൽ സ്വീകരിക്കാൻ പോയ ചെങ്ങളം സ്വദേശികളായ ദന്പതികൾക്ക് കോവിഡ് 19 ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഈ കുടുംബവുമായി സഹകരിച്ചവരെ ആരോഗ്യ വകുപ്പ് നിരീക്ഷിച്ചുവരികയായിരുന്നു.
ഇന്നലെ രാത്രി ഭക്ഷണം കഴിച്ചു കിടന്ന ശശീന്ദ്രനു ശാരിരീക ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും തുടർന്ന് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർ പരിശോധന നടത്തുന്നതിനിടയിലാണ് ശശീന്ദ്രന്റെ മകൻ കൊറോണ നിരീക്ഷണത്തിൽ വീട്ടിൽ കഴിയുന്ന വിവരം ബന്ധുക്കൾ പറയുന്നത്. ഉടൻ തന്നെ വ്യക്തിഗത സുരക്ഷ കവചം ധരിച്ചാണ് ജീവനക്കാർ മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയത്.
നിരീക്ഷണത്തിൽ കഴിയുന്ന വീട്ടിലെ ഗൃഹനാഥനാണ് മരിച്ചതെന്നും തുടർ നടപടി ആരോഗ്യ വകുപ്പുമായി ആലോചിച്ച് ചെയ്യുമെന്നും കുമരകം പോലീസ് രാഷ്്ട്രദീപികയോടു പറഞ്ഞു.
ശശീന്ദ്രന്റെ മരണം കൊറോണ രോഗബാധ മൂലമല്ലെങ്കിലും നിരീക്ഷണത്തിൽ കഴിയുന്ന മകനൊപ്പം ഇടപഴകിയതിന്റെ അടിസ്ഥാനത്തിൽ ഇദേഹവും രണ്ടാം ഘട്ട നിരീക്ഷണത്തിലായിരുന്നുവെന്നും അതിനാൽ ശശീന്ദ്രന്റെ സ്രവങ്ങൾ പരിശോധനയ്ക്കു അയയ്ക്കുമെന്നും മരണാനന്തര ചടങ്ങുകളിൽ അടുത്ത ബന്ധുക്കൾ മാത്രമേ പങ്കെടുക്കാൻ പാടുള്ളുവെന്നും ജില്ലാ കളക്്ടർ അറിയിച്ചു.