കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന് ജാമ്യം. മൂന്ന് മാസത്തേയ്ക്ക് ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതിയാണ് കുഞ്ഞനനന്ത് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കുഞ്ഞനന്തന് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. കുഞ്ഞനന്തന് ഗുരുതര ആരോഗ്യ പ്രശ്നമുണ്ടെന്നും അടിയന്തര ചികിത്സ നല്‍കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതോടെ ഹൈക്കോടതി മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് തേടുകയായിരുന്നു.
ടി.പി. കേസിലെ 13-ാം പ്രതിയാണ് കുഞ്ഞനന്തൻ. 2014 ജനുവരി 24നാണ് ഗൂഢാലോചന കേസിൽ കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്.
കുഞ്ഞനന്തന് തുടർച്ചയായി പരോൾ നൽകുന്നതിനെ നേരത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു. എന്നാല്‍ നിയമപ്രകാരമുള്ള പരോള്‍ മാത്രമാണ് കുഞ്ഞനന്തന് നല്‍കിയിട്ടുള്ളത് എന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.