ഗാന്ധിനഗർ: കൊറോണ രോഗ ബാധിതരെ ശുശ്രൂഷിക്കുന്നതിന്റെ പേരിൽ നാല് പുരുഷ നഴ്സുമാരെ വാടകവീട്ടിൽനിന്ന് ഇറക്കിവിട്ടു.
ഇന്നലെ രാത്രിയിൽ കോട്ടയം മെഡിക്കൽ കോളജിനു സമീപമുള്ള കസ്തൂർബ ജംഗ്ഷനിലുള്ള വാടകവീട്ടിൽ നിന്നുമാണ് നഴ്സുമാരെ ഇറക്കിവിട്ടത്.
നാലു നഴ്സുമാർ ഒരുമിച്ചായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. സംഭവത്തെതുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ നഴ്സുമാർക്ക് പേ വാർഡിനു മുകളിലത്തെ നില താമസ സൗകര്യത്തിനായി ഒരുക്കി നല്കിയിട്ടുണ്ട്.
വാടക വീട്ടിൽ നിന്നും നഴ്സുമാരെ ഇറക്കിവിട്ട സംഭവം സർക്കാരിനെ അറിയിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.