കോട്ടയം: പള്ളിക്കത്തോട്ടിൽ നിർമിച്ച വ്യാജ തോക്കുകൾ വാങ്ങിയവരെക്കുറിച്ചു പോലീസിനു സൂചന ലഭിച്ചു.
സംഭവത്തിൽ പോലീസ് പിടിയിലായ കൊന്പിലാക്കൽ ബിനേഷ് കുമാർ (43), ആനിക്കാട് തട്ടാംപറന്പിൽ രാജൻ (46), സഹോദരൻ മനേഷ് കുമാർ (43), തോക്ക് വാങ്ങിയ കൂരോപ്പട ളാക്കാട്ടൂർ വട്ടോലിക്കൽ രതീഷ് ചന്ദ്രൻ(38) പള്ളിക്കത്തോട് മുക്കാലി കദളിമറ്റം കെ.എൻ. വിജയൻ (45), മാന്നാർ സ്വദേശി ലിജോ (47) എന്നിവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തോക്ക് വാങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിനു ലഭിച്ചത്.
ഇവരിൽ നിന്നും തോക്ക് വാങ്ങിയവരെല്ലാം കേസിൽ പ്രതികളാകുമെന്ന് പോലീസ് പറഞ്ഞു. കാവാലം സ്വദേശികളായ ചിലർ തോക്ക് വാങ്ങിയതായി സൂചനയുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണു ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ലഭിച്ചിരിക്കുന്ന വിവരങ്ങൾ അനുസരിച്ചു മറ്റു ജില്ലകളിൽ നിന്നും തോക്ക് വാങ്ങിയവർക്കും വേണ്ടിയും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പരിശോധനകളുടെ ഭാഗമായി ഇന്നലെ ഒന്പതു സ്ഥലങ്ങളിൽ റെയ്ഡ് നടത്തി.
പള്ളിക്കത്തോട്, മണർകാട്, മാന്നാർ, ആലപ്പുഴ, മല്ലപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്നലെ റെയ്ഡ് നടത്തിയത്. ഇന്നും വിവിധ സ്ഥലങ്ങളിൽ റെയ്ഡ് തുടരുമെന്ന് പോലീസ് പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗുണ്ടാസംഘങ്ങൾ ഇടനിലക്കാർ മുഖേന പള്ളിക്കത്തോട്ടിലെത്തി തോക്ക് വാങ്ങിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ 10 വർഷത്തിലേറെയായി തോക്ക് നിർമാണം നടത്തിയിരുന്ന സംഘം നൂറുകണക്കിനു തോക്കുകളാണ് നിർമിച്ചു വിറ്റത്. ഈ തോക്കുകൾ വാങ്ങിയിരിക്കുന്നതു സാമൂഹിക വിരുദ്ധരും ക്രിമിനിലുകളും ഗുണ്ടാ സംഘങ്ങളുമാണ്.
നാടൻ തോക്കുകളും റിവോൾവറുകളുമാണ് സംഘം നിർമിച്ചിരുന്നത്. ആവശ്യക്കാർ എത്തുന്നതിനുസരിച്ചായിരുന്നു തോക്ക് നിർമാണം. ഗുണ്ടാ സംഘങ്ങൾ കൂടുതലായും വാങ്ങിയിരുന്നതു റിവോൾവറുകളായിരുന്നു. 12,000 മുതൽ 25000 രൂപവരെ വിലയിടാക്കിയാണ് റിവോൾവറുകൾ ഇവർ വില്പന നടത്തിയിരുന്നത്.
പള്ളിക്കത്തോട് എസ്എച്ച്ഒ ടി.ആർ. ജിജുവിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.