കൊണ്ടോട്ടി: കോവിഡ്-19 ഭീതിയെ തുടർന്ന് സൗദിയിലേക്കുളള നേരിട്ടുളള സർവീസുകൾ നിർത്തുമെന്ന മുന്നറിയിപ്പ് വന്നതോടെ വിമാന ടിക്കറ്റിനായി പ്രവാസികളുടെ നെട്ടോട്ടം.
72 മണിക്കൂറിനുള്ളിൽ സൗദിക്ക് പുറത്തുളള സൗദി പൗരൻമാരോടും, റീ-എൻട്രി വിസക്കാരോടും സൗദിയിലെത്താൻ നിർദേശിച്ചതോടെയാണ് വിമാന ടിക്കറ്റുകൾക്ക് വേണ്ടി പ്രാവസികൾ നെട്ടോട്ടമോടുന്നത്.
ജിദ്ദയിലേക്ക് 15,400 രൂപക്ക് ലഭിക്കുന്ന ടിക്കറ്റ് സ്വന്തമാക്കാൻ യാത്രക്കാർ ട്രാവൽ ഏജൻസികളെ സമീപിച്ചത് 80,000 രൂപവരെ നൽകാമെന്നറിയിച്ചായിരുന്നു. എന്നാൽ വിമാനങ്ങളുടെ കുറവ് മൂലം നിലവിലെ വിമാനങ്ങളിൽ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തതിൽ മിക്കവർക്കും സീറ്റ് ലഭ്യമായിരുന്നില്ല.
ദുബായ് ഉൾപ്പെടയുള്ള മറ്റു രാജ്യങ്ങൾ വഴി സൗദിയിലേക്കുളള കണക്ഷൻ സർവീസുകൾ കഴിഞ്ഞയാഴ്ച നിർത്തലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 72 മണിക്കൂറിനുള്ളിൽ മുഴുവൻ സർവീസുകളും നിർത്തുമെന്നുളള നിർദേശം കൂടിവന്നത്.
കേരളത്തിൽ നിന്നു സൗദിയിലേക്ക് നേരിട്ടുളള വിമാനങ്ങൾ കരിപ്പൂരിൽ നിന്നാണുള്ളത്. സൗദി എയർലെൻസ്, എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഫ്ളൈ നാസ് എന്നിവയാണ് സർവീസിനുള്ളത്. എന്നാൽ ഇവയിലെല്ലാം ടിക്കറ്റ് ലഭ്യമല്ലാത്ത അവസ്ഥയാണ്.
ട്രാവൽ ഓഫീസുകളുടെ മുന്നിൽ വലിയ തിരക്കാണ് ഇന്നലെയുണ്ടായത്. ദുബായ്, ഷാർജ, അബൂദാബി, ബഹ്റൈൻ എന്നിവടങ്ങളിൽ നിന്നുള്ള കണക്ഷൻ വിമാനങ്ങൾ നിർത്തിയതും ഖത്തർ, കുവൈറ്റ് സർവീസുകൾ പിൻവലിച്ചതും മൂലം സൗദിയിലേക്ക് നേരിട്ടല്ലാതെ മറ്റു വഴിയില്ലാതായി.
ഈ സർവീസുകളാണ് നിലവിൽ നിർത്താൻ പോകുന്നത്. അവധിയിൽ നാട്ടിലെത്തിയ ആയിരങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്. ചികിൽസക്കും മറ്റുമായി ആശുപത്രിയിലെത്തിയ സൗദി പൗരൻമരും കേരളത്തിലുണ്ട്.
ഇവരെല്ലാമാണ് ഇതു മൂലം യാത്ര പ്രതിസന്ധിയിലായത്. ഖത്തർ, കുവൈറ്റ് യാത്ര പൂർണമായും നിലച്ചതും നിരവധി പേരുടെ വിസ റദ്ദായിട്ടുണ്ട്.