മാതമംഗലം: ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾക്ക് പ്രവേശനമില്ലാത്ത ഒരു കോൺഗ്രസ് ഓഫീസ് !
മാതമംഗലത്തെ കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിലാണ് ഡിസിസി പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ് എന്നിവർക്ക് വിലക്കുള്ളത്. ഇത്തരം ഒരു അവസ്ഥ മറ്റൊരിടത്തും ഉണ്ടാകില്ലെന്ന് പറയുന്ന പ്രവർത്തകർ നേതൃത്വം ആവശ്യമായ നടപടി സ്വീകരിക്കാത്തതിൽ ശക്തമായ അമർഷത്തിലുമാണ്.
മാതമംഗലത്തെ കോൺഗ്രസ് ഓഫീസ് നിർമാണത്തെക്കുറിച്ചും പാർട്ടിയുടെ സ്ഥലം വില്പന നടത്തിയതിനെക്കുറിച്ചും വളരെയധികം ആക്ഷേപങ്ങളുണ്ടായിരുന്നു. പരാതിയെ തുടർന്ന് ബൂത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ അന്വേഷണ വിധേയമായി ഡിസിസി പ്രസിഡന്റ് സസ്പെൻഡ് ചെയ്തിരുന്നു.
സസ്പെൻഷനിലായ മുൻ ബൂത്ത് പ്രസിഡന്റ് കോടതിയിൽ നിന്ന് വാങ്ങിയ ഇഞ്ചക്ഷൻ ഓർഡർ കാരണമാണ് പാർട്ടി നേതാക്കൾക്ക് ഓഫീസിൽ കയറാൻ കഴിയാതെ വരുന്നത്.
എന്നാൽ, ഈ ഇഞ്ചക്ഷൻ ഓർഡർ വിരോധാഭാസമാണെന്നാണ് പ്രവർത്തകർ പറയുന്നത്. കാരണം പാർട്ടിയുടെ നിയമാവലി അനുസരിച്ച് മേൽ കമ്മിറ്റിയുടെ അനുവാദമില്ലാതെ കോടതി നടപടികൾ സ്വീകരിക്കാൻ അധികാരമില്ലത്രെ.
പ്രത്യേകിച്ച് പാർട്ടിയിൽ നിന്ന് സസ്പെൻഷനിലായ ഒരാൾ കോടതി വിധി സന്പാദിച്ചത് മേൽഘടകങ്ങളുടെ പിടിപ്പുകേടാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
പുതിയ ബൂത്ത് പ്രസിഡന്റിന് ചാർജ് നൽകിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ പലതവണ ഓഫീസിൽ യോഗം ചേർന്നപ്പോൾ എതിർവിഭാഗം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി കാണിച്ച് നിലവിലെ പ്രസിഡന്റ് പോലീസിലും പരാതി നൽകിയിട്ടുണ്ട്.