മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് അമ്മത്തൊട്ടിലിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നാലു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ലഭിച്ചത്.
2.7 കിലോ തൂക്കമുള്ള കുഞ്ഞിനെ ന്യൂബോണ്‍ കെയർ യൂണിറ്റിലേക്ക് മാറ്റി. വിവരം ചൈൽഡ് വെൽഫെയർ കമ്മറ്റിയെ അറിയിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. 2009 ജൂലൈയിൽ മഞ്ചേരി ഗവണ്മെന്റ് ആശുപത്രിയിൽ സ്ഥാപിച്ച അമ്മത്തൊട്ടിലിൽ ഇതോടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞുങ്ങൾ നാലായി.
തിരുവനന്തപുരത്ത് ആരംഭിച്ച അമ്മത്തൊട്ടിൽ പദ്ധതിയുടെ ചുവടുപിടിച്ച് കേരള കൗണ്‍സിൽ ഫോർ ചൈൽഡ്സ് വെൽഫെയറാണ് മഞ്ചേരി ജില്ലാ ആശുപത്രിയിൽ അമ്മത്തൊട്ടിൽ സ്ഥാപിച്ചത്.
അമ്മത്തൊട്ടിലിൽ ലഭിക്കുന്ന കുഞ്ഞുങ്ങൾക്കു തിരുവനന്തപുരം ജില്ലാ കളക്ടർ ചെയർമാനായുള്ള ചൈൽഡ് വെൽഫെയർ കൗണ്‍സിൽ സംരക്ഷണം നൽകും. ഇതിനായി തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിൽ ഒരോ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് വയസുവരെയാണ് കുട്ടികളെ ഈ കേന്ദ്രങ്ങളിൽ പാർപ്പിക്കുക.
ഇതോടൊപ്പം ഇവർക്ക് വിദ്യാഭ്യാസം നൽകുന്നതിനും ദത്ത് നൽകുന്നതിനും നടപടി സ്വീകരിക്കും. പിഞ്ചുകുഞ്ഞുങ്ങളെ ചപ്പുചവറുകൾക്കിടയിലും മറ്റും ഉപേക്ഷിക്കുന്നതു ഒഴിവാക്കി അവർക്ക് സംരക്ഷണം നൽകുകയാണ് അമ്മത്തൊട്ടിൽ വ്യാപകമാക്കുന്നതിലൂടെ ഉദേശിക്കുന്നത്.
പ്രത്യേക മുറിയിൽ സജ്ജീകരിച്ച അമ്മത്തൊട്ടിലിൽ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് മടങ്ങാൻ സൗകര്യമൊരുക്കുന്ന രീതിയിലാണ് അമ്മത്തൊട്ടിൽ പദ്ധതി നടപ്പാക്കുന്നത്. അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിക്കുന്പോൾ ഓഫീസുമായി ബന്ധിപ്പിച്ച ഇലക്ട്രോണിക് സംവിധാനം പ്രവർത്തിക്കുകയും ബെല്ലടിക്കുകയും ചെയ്യും.
തുടർന്ന് അധികൃതരെത്തി തൊട്ടിലിൽ നിന്നു കുഞ്ഞിനെ മാറ്റി വേണ്ട സംരക്ഷണം നൽകുന്നു. 24 മണിക്കൂറിനകം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിക്കണമെന്നും നിർദേശമുണ്ട്. എന്നാൽ മഞ്ചേരിയിലെ അമ്മത്തൊലിന്റെ ഇലക്ട്രോണിക് സംവിധാനം പ്രവർത്തന രഹിതമായിട്ട് വർഷങ്ങളായി.
അമ്മത്തൊട്ടിലിലൂടെ ലഭ്യമാകുന്ന കുഞ്ഞിനെ മൂന്നുമാസം ശിശു ഭവനിൽ സംരക്ഷിക്കും. ഇതിനിടയിൽ മാതാവിന് കുഞ്ഞിനെ തിരികെ ആവശ്യപ്പെടാൻ അവകാശമുണ്ട്. മൂന്നു മാസം കഴിഞ്ഞാൽ മാത്രമേ കുട്ടിയെ ദത്ത് നൽകുന്നതിനായുള്ള നടപടി സ്വീകരിക്കാൻ അധികൃതർക്ക് അനുവാദമുള്ളൂ.