മുസഫർനഗർ: പ്രണയബന്ധത്തിന്റെ പേരിൽ വിധവയെ സഹോദരൻമാർ ചേർന്നു കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കുഴിച്ചിട്ടു. ഉത്തർപ്രദേശ് മുസഫർനഗറിലെ കൂക്ഡയിലാണു സംഭവം.
യുവതിയുടെ കാമുകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവതിയെ കൊലപ്പെടുത്തിയതാണെന്നും പോലീസിനെ വിവരമറിയിക്കാതെ മൃതദേഹം മറവ് ചെയ്യുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.
കുറച്ചുകാലമായി യുവതിക്കു സുൽഫിക്കർ എന്ന യുവാവുമായി ബന്ധമുണ്ടായിരുന്നു. ഇയാളെ വിവാഹം ചെയ്യണമെന്നു യുവതി ആഗ്രഹം പ്രകടിപ്പിച്ചു. ഇതാണു ബന്ധുക്കളെ പ്രകോപിപ്പിച്ചത്.
ഏഴു വർഷം മുന്പു യുവതി ഡൽഹി സ്വദേശിയായ ഒരാളെ വിവാഹം ചെയ്തിരുന്നു. കുറച്ചുനാളുകൾക്കുശേഷം ഇവർ ഭർത്താവുമായി പിണങ്ങി വീട്ടിലേക്കു മടങ്ങി. രണ്ടു വർഷം മുന്പു ഭർത്താവ് ഒരു അപകടത്തിൽ കൊല്ലപ്പെടുകയും ചെയ്തു.
സുൽഫിക്കറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ന്യൂ മാണ്ഡി പോലീസ് സുമിത് കുമാർ, സോനു എന്നീ സഹോദരൻമാരെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കി.