ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ മാസ്കുകളും സാനിറ്റൈസറുകളും കേന്ദ്രസർക്കാർ അവശ്യസാധനങ്ങളുടെ പട്ടികയിൽപ്പെടുത്തി.
എന്‍95 മാസ്കുകൾ ഉൾപ്പെടെയാണ് അവശ്യസാധന പട്ടികയിൽ പെടുത്തിയിരിക്കുന്നത്. ജൂൺ 30 വരെ ഇവ അവശ്യസാധന പട്ടികയിൽ തുടരുമെന്നും കേന്ദ്രം അറിയിച്ചു.
മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും വര്‍ധിച്ച തോതിലുളള ആവശ്യകത മനസിലാക്കി കൃത്രിമ ക്ഷാമം സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായുളള ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടൽ.
രണ്ട്, മൂന്ന് പാളികളുള്ള സർജിക്കൽ മാസ്ക്കുകൾ, എന്‍95 മാസ്കുകൾ, സാനിറ്റൈസറുകൾ എന്നിവയാണ് അവശ്യസാധന നിയമത്തിന്റെ പരിധിയിലാക്കിയത്.
നിയമത്തിന്റെ പരിധിയിലാക്കിയതോടെ വില, ഉത്പാദനം, വിതരണം എന്നിവയിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാം. പൂഴ്ത്തിവയ്പും അമിതവിലയും കണ്ടെത്തിയാൽ ഏഴു വർഷം തടവും പിഴയും ലഭിക്കാം.