ഗാന്ധിനഗർ: മൊബൈൽ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞ് ശല്ല്യപ്പെടുത്തുന്നതായി കാണിച്ചു പെണ്‍കുട്ടി പരാതി നൽകി 25 ദിവസം പിന്നിട്ടിട്ടും നടപടിക്ക് പോലീസ് തയാറാകുന്നില്ലെന്ന് ആക്ഷേപം.
ഫെബ്രുവരി 18നാണ് ആർപ്പൂക്കര വില്ലൂന്നി സ്വദേശിനിയായ പെണ്‍കുട്ടി ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയത്.
പരാതിയെപ്പറ്റി പലതവണ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ അന്വേഷിച്ചെങ്കിലും ഉടൻ നടപടി സ്വീകരിക്കാമെന്ന സ്ഥിരം മറുപടി മാത്രമാണുണ്ടാകുന്നത്. ഫോണിന്റെ ഉടമയെ തിരിച്ചറിഞ്ഞ പോലീസ് തുടർ നടപടിക്ക് തയാറാകുന്നില്ല.
ഫെബ്രുവരി 17നാണു പെണ്‍കുട്ടിയുടെ മൊബൈൽ ഫോണിലേക്ക് ആദ്യമായി അജ്ഞാതനായ വ്യക്തിയുടെ ഫോണ്‍കോൾ ലഭിക്കുന്നത്. അസഭ്യവും അശ്ലീലവും കലർന്ന സംസാരം പിന്നീട് ഭീഷണിയുടെ സ്വരത്തിലുമായി.
17നു പലതവണ ഫോണ്‍ വിളി ഉണ്ടായി. അന്ന് രാത്രി തന്നെ പെണ്‍കുട്ടിയുടെ പിതാവ് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 18നു പരാതിക്ക് രസീതും ലഭിച്ചു.
19 വരെ പെണ്‍കുട്ടിയെ തുടർച്ചയായി വിളിച്ച് ശല്ല്യം ചെയ്തു കൊണ്ടിരുന്നു. ഈ വിവരമെല്ലാം ഗാന്ധിനഗർ പോലീസിൽ അറിയിച്ചു കൊണ്ടാണിരുന്നത്.
മൊബൈൽ ഫോണ്‍ ഉടമയെ കണ്ടെത്താനായി 17ന് രാത്രി തന്നെ വിവരങ്ങൾ സൈബർ സെല്ലിനു കൈമാറിയതായി ഗാന്ധിനഗർ പോലീസ് അറിയിച്ചിരുന്നു.
നിരന്തരമായ അന്വേഷണത്തിനൊടുവിൽ 24നു മാത്രമാണ് ഫോണ്‍ ഉടമയുടെ വിവരങ്ങൾ സൈബർ സെൽ കൈമാറിയതെന്ന് ഗാന്ധിനഗർ പോലീസ് പറയുന്നു. ഹരിപ്പാട് സ്വദേശിയാണ് ഫോണ്‍ ഉടമയെന്നും പോലീസ് അറിയിച്ചു.
പ്രത്യേക കാരണമൊന്നുമില്ലാതെ തുടരന്വേഷണം ഗാന്ധിനഗർ പോലീസ് നീട്ടിക്കൊണ്ടുപോകുന്നതായാണ് ആക്ഷേപം ഉയരുന്നത്. പോലീസിന്റെ നിർദ്ദേശമനുസരിച്ച് മാർച്ച് രണ്ടിന് ഫോണ്‍ ഉടമ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എത്തി.
സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്റെ അയൽവാസിയാണെന്ന് ഇയാൾ പെണ്‍കുട്ടിയുടെ പിതാവ് ഉൾപ്പെടെ സ്റ്റേഷനിൽ ഉണ്ടായിരുന്നവരോട് പറഞ്ഞു.
താൻ ആറ് മാസമായി ഉപയോഗിക്കാത്ത മൊബൈൽ ഫോണാണ് അതെന്നും സ്റ്റേഷനിൽ എത്തുന്നതിന് രണ്ടു ദിവസം മുന്‍പ് ഈ നന്പർ ബ്ലോക്ക് ചെയ്തെന്നും ഇയാൾ പറഞ്ഞു.
അന്ന് ഡ്യൂട്ടിയിലുണ്ടായിരിന്ന പ്രൊബേഷൻ എസ്ഐ, സൈബർ സെല്ലിന്റെ സഹായത്തോടെ ഐഎംഇ നന്പർ കണ്ടുപിടിച്ച് യഥാർഥപ്രതിയെ കണ്ടുപിടിക്കുവാൻ നടപടി സ്വീകരിക്കാമെന്ന് പറഞ്ഞു പരാതിക്കാരനെ പറഞ്ഞുവിട്ടു.
അന്ന് അയാളെ പറഞ്ഞയച്ച പോലീസ് പിന്നീട് പെണ്‍കുട്ടിയുടെ പരാതിയിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
ഒരു പെണ്‍കുട്ടിയുടെ പരാതിയിൻമേൽ 26 ദിവസമായിട്ടും നടപടി സ്വീകരിക്കാത്ത പോലീസിന്റെ നിലപാടിനെതിരെ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കാൻ ഒരുങ്ങുകയാണ് പെണ്‍കുട്ടിയും പിതാവും.
കേസിൽ അന്വേഷണം നടക്കുന്നുണ്ടെന്നും അലംഭാവം കാട്ടിയിട്ടില്ലെന്നും ഗാന്ധിനഗർ പോലീസ് അറിയിച്ചു.