കൽപ്പറ്റ: കൊറോണ വൈറസ് ഭീതിയിയുടെ പശ്ചാലത്തിൽ ഇറ്റാലിയൻ പൗരനു വയനാട്ടിൽ ദുരനുഭവം.
കൊറോണ ബാധിതനെന്നു സംശയിച്ചു റിസോർട്ടിൽനിന്നു നാട്ടുകാർ ആട്ടിയോടിക്കാൻ ശ്രമിച്ചതാണ് വിദേശസഞ്ചാരിക്കു തിക്താനുഭവമായത്.
മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഡിസംബർ അഞ്ചു മുതൽ ഇന്ത്യയിലുള്ള സഞ്ചാരി. വയനാട്ടിൽ പടിഞ്ഞാറത്തറയ്ക്കടുത്ത് റിസോർട്ടിലായിരുന്നു താമസം.
പ്രദേശവാസികളിൽ ചിലർ ആട്ടിയോടിക്കാൻ ശ്രമിച്ചതിനെത്തുടർന്നു കൊറോണ, കൊറോണ എന്നു പുലന്പി റിസോർട്ടിനു പുറത്തു നടക്കാൻ തുടങ്ങി.
വിവരം അറിഞ്ഞയുടൻ ഇടപെട്ട ആരോഗ്യപ്രവർത്തകർ കൗണ്‍സലിംഗ് ഉൾപ്പെടെ നൽകിയാണ് സഞ്ചാരിയെ സാധാരണ നിലയിലാക്കിയത്. ഗൃഹാന്തരീക്ഷത്തിൽ താമസിപ്പിച്ചു സഞ്ചാരിയെ നിരീക്ഷിച്ചുവരികയാണെന്നു ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
പടിഞ്ഞാറത്തറയിൽ ഉണ്ടായതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കില്ലെന്നു ഉറപ്പുവരുത്തുമെന്നു ജില്ലാ കളക്ടർ ഡോ.അദീല അബ്ദുല്ല പറഞ്ഞു.
ഫ്രാൻസിൽനിന്നുള്ള അഞ്ചു സഞ്ചാരികൾ കൽപ്പറ്റയിലെ റിസോർട്ടിൽ നിരീക്ഷണത്തിലാണ്. മാർച്ച് ഏഴിനാണ് ഇവർ ഇന്ത്യയിലെത്തിയത്.