പരിയാരം(കണ്ണൂർ): ഇറ്റലിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിനിയായ യുവതിയെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ കൊറോണ ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി എട്ടോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. മാര്‍ച്ച് നാലിന് ഇറ്റലിയില്‍ നിന്നെത്തിയ ഇവര്‍ ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ തന്നെ കടുത്ത നിയന്ത്രണങ്ങളോടെ കഴിയുകയായിരുന്നു.
ഇന്നലെ വൈകുന്നേരം കടുത്ത പനിയും തുമ്മലും അനുഭവപ്പെട്ടതോടെ ബന്ധുക്കള്‍ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കുയായിരുന്നു. ഡിഎംഒയുടെ നിര്‍ദ്ദേശമനുസരിച്ചാണ് രാത്രി തന്നെ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.
ഇവരുടെ സ്രവങ്ങളും രക്തവും ഇന്ന് രാവിലെ തന്നെ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയക്കുമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.
ഇവര്‍ക്ക് പനിയുണ്ടെങ്കിലും നിയന്ത്രണവിധേയമാണെന്നും കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രിന്‍സിപ്പൽ ഡോ.എന്‍.റോയ് പറഞ്ഞു.
മെഡിക്കല്‍ കോളജിലെ 803-ാം വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന ഒന്‍പതുപേരുടെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ നെഗറ്റീവാണെന്ന് ഇന്നലെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവരെ ഇന്ന് വൈകുന്നേരത്തോടെ ഡിസ്ചാര്‍ജ് ചെയ്തേക്കും.
കടുത്ത നിയന്ത്രണങ്ങളോടെ രണ്ടാഴ്ച്ചക്കാലമെങ്കിലും വീട്ടില്‍ തന്നെ കഴിയാന്‍ നിര്‍ദ്ദേശിച്ചായിരിക്കും ഇവരെ വിട്ടയക്കുക. ഇന്നലെ പുതുതായി അഞ്ച് പേര് കൂടി അഡ്മിറ്റായതോടെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ കൊറോണ ബാധിച്ച ഒരാള്‍ ഉള്‍പ്പെടെ 24 പേര് നിരീക്ഷണത്തിലുണ്ട്.
വ്യാഴാഴ്ച്ച രാത്രി എത്തിച്ച കൊറോണ ബാധിതനായ രോഗി ടൈപ്പ് എ വിഭാഗത്തില്‍ പെട്ടതായയിനാല് യാതൊരുവിധ ശാരീരിക പ്രശ്നങ്ങളും ഇതേവരെ അനുഭവപ്പെട്ടില്ല.
എല്ലാം പതിവുപോലെയാണെന്നും നേരിയ പനിയുണ്ടെന്നല്ലാതെ മറ്റ് യാതൊരു കുഴപ്പവുമില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ ഭാര്യയും അമ്മയും നിരീക്ഷണത്തിലുണ്ടെങ്കിലും ഇവര്‍ക്ക് യാതൊരു ശാരീരിക അസ്വസ്ഥതകളുമില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ.എന്‍.റോയ്, ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ്, കമ്യൂണിറ്റി മെഡിസിന് വിഭാഗം മേധാവി ഡോ.എ.കെ.ജയശ്രീ, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഡി.കെ.മനോജ്, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട്(കാഷ്വാലിറ്റി) ഡോ.കെ.വിമല്‍റോഹന്‍, ആര്‍എംഒ ഡോ.എസ്.എം.സരിന് എന്നിവരുള്‍പ്പെട്ട ആറംഗ സംഘം പരിപൂര്‍ണ സന്നദ്ധരായി മെഡിക്കല്‍ കോളജിലുണ്ട്.